കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ…..ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് സലിംകുമാർ

ഐഎഫ്എഫ്‌കെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടന്‍ സലീം കുമാര്‍. ഇനി പങ്കെടുത്താല്‍ അത് തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ. കൊച്ചു കുട്ടികളേക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്‌കെ ഭാരവാഹികളുടെ കാര്യമെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തുന്നത്. കൊച്ചി മേഖല ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ ആദ്യം ചർച്ചയായത് മേളയിലെ സലിംകുമാറിന്‍റെ അസാന്നിദ്ധ്യമായിരുന്നു. 25ാംമത് മേളയുടെ പ്രതീകമായി സംവിധായകൻ കെ ജി ജോർജ്ജിന്‍റെ നേതൃത്വത്തിൽ 25 ചലച്ചിത്ര പ്രവർത്തകർ തിരി തെളിയിച്ചാകും ഉദ്ഘാടനം നടക്കുക.

എന്നാൽ ഇതിൽ എറണാകുളം പറവൂർ സ്വദേശിയും, ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്‍റെ പേരുണ്ടായിരുന്നില്ല. തന്‍റെ പ്രായവും രാഷ്ട്രീയവുമാണ് കാരണമെന്നായിരുന്നു സലിംകുമാറിന്‍റെ പ്രതികരണം.

അതെ സമയം സലിം കുമാറിന് രാഷ്ട്രീയ താത്പര്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഫോണിൽ വിളിച്ചു നേരിട്ട് ചെന്ന് ക്ഷണിക്കാമെന്നും പറഞ്ഞതാണ്. എന്നിട്ടും നിരസിച്ചെങ്കിൽ കൂടുതൽ ഒന്നും ചെയ്യാനില്ല. അദ്ദേഹം പറഞ്ഞു.

‘ മേളയുടെ സംഘാടകർ തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും സലിം വളരെ മോശമായ രീതിയിൽ സംസാരിച്ചെന്നുമായിരുന്നു അവരുടെ മറുപടിയെന്നും കമൽ പറഞ്ഞു.

സലിം കുമാറിനെ നേരിട്ട് ക്ഷണിക്കാൻ ഞാൻ തയ്യാറായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ അക്കാര്യം പറഞ്ഞതുമാണ്. അതിനുള്ള അവസരമാണ് സലിം കുമാർ നഷ്ടമാക്കിയത്. അദ്ദേഹവുമായി വർഷങ്ങളോളം സൗഹൃദമുണ്ട്. എന്റെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നേരിട്ട് വീട്ടിൽ പോയി ക്ഷണിക്കാമെന്നും പറഞ്ഞു. ഇങ്ങനെ പറയുന്നതിൽ അദ്ദേഹത്തിന് എന്തെങ്കിലും രാഷ്ട്രീയലക്ഷ്യമുണ്ടാകുമെന്ന് കമൽ കൂട്ടിച്ചേർത്തു

Noora T Noora T :