ബോളിവുഡ് നടി അമീഷ പട്ടേലിനെതിരായ വഞ്ചന, ക്രിമിനല്‍ വിശ്വാസവഞ്ചന കുറ്റങ്ങളിലെ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാറിന് നോട്ടീസ് അയച്ചത്.
എങ്കിലും, കുറ്റകൃത്യങ്ങള്‍ക്കുള്ള നടപടികള്‍ നിയമാനുസൃതമായി തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞു.തനിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനുള്ള ഹരജി തള്ളിയ ഝാര്‍ഖണ്ഡ് ഹൈകോടതിയുടെ ഉത്തരവിനെതിരെ അമീഷ പട്ടേല്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
നിര്‍മാതാവ് അജയ് കുമാര്‍ സിങ് നല്‍കിയ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 406, 420, 34, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 എന്നിവ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നത്.
ദേശി മാജിക് എന്ന സിനിമയുടെ നിര്‍മാണത്തിനായി നടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അജയ് കുമാര്‍ സിങ് 2.5 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍, അമീഷ പട്ടേല്‍ വാഗ്ദാനം ചെയ്തതുപോലെ സിനിമയുമായി മുന്നോട്ട് പോയില്ല, പണവും തിരികെ നല്‍കിയിരുന്നില്ല. ഇതോടെയാണ് നിര്‍മാതാവ് നടിക്കെതിരെ കേസ് നല്‍കിയത്.