18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തരംഗിണിയും യേശുദാസും വീണ്ടും ഒന്നിക്കുന്നു; ‘പൊന്‍ചിങ്ങത്തേര്’ ഉദ്ഘാടനം ചെയ്ത് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍

യേശുദാസ് ആലപിച്ച ഓണപ്പാട്ട് പ്രകാശനം ചെയ്ത് മോഹന്‍ലാല്‍. ‘പൊന്‍ചിങ്ങത്തേര്’ എന്ന ഓണപ്പാട്ടാണ് മോഹന്‍ലാല്‍ പ്രകാശനം ചെയ്തത്. ഹരിഹരന്റെ വരികള്‍ക്ക് നന്ദു കര്‍ത്തയാണ് ഈണമിട്ടിരിക്കുന്നത്. നീണ്ട 18 വര്‍ഷത്തിന് ശേഷമാണ് യേശുദാസും അദ്ദേഹത്തിന്റെ സംഗീത കമ്പനിയായ തരംഗിണി മ്യൂസിക് കമ്പനിയും ഒന്നിച്ചുകോണ്ട് ഓണപ്പാട്ട് പുറത്തുവിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

പാട്ടുകളിലൂടെ ഒരുപാട് പേര്‍ക്ക് വെളിപാടുണ്ടാക്കിയിട്ടുണ്ട് യേശുദാസ് എന്നും ഏതാണ്ട് അഞ്ച് തലമുറയായി ദസേട്ടന്റെ പാട്ട് കേള്‍ക്കുന്നവരാണ് ഇവിടെ ഉള്ളത് എന്നും മോഹന്‍ലാല്‍ ആല്‍ബം പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ചു.

‘ഏതാണ്ട് 18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തരംഗിണിയില്‍ നിന്ന് ഒരു ഓണപ്പാട്ട് ആല്‍ബം പുറത്തുവരുന്നത്. ഈ ആല്‍ബം പ്രകാശനം ചെയ്യാന്‍ സാധിച്ചതില്‍ വലിയ ആഭിമാനം തന്നെയാണ് ഉള്ളത്’ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘തരംഗിണിയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം മറ്റൊരു സുപ്രധാന കാല്‍വെയ്പ്പ് കൂടി നടക്കുകയാണ്. യേശുദാസ് അക്കാദമി എന്ന പേരില്‍ സംഗീത പഠനത്തിന് താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ദാസേട്ടന്‍ നല്‍കുന്ന ക്ലാസുകള്‍ ആരംഭിക്കുകയാണ് അതിനും എന്റെ ആശംസകള്‍.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് ഗാനങ്ങള്‍ ഉണ്ടായി. ഏതാണ്ട് അഞ്ച് തലമുറയായി ദസേട്ടന്റെ പാട്ട് കേള്‍ക്കുന്നവരാണ് ഇവിടെ ഉള്ളത്. എന്റെ ഭാഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകള്‍ക്ക് ചുണ്ടനക്കാന്‍ പറ്റി എന്നതാണ്.’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

Vijayasree Vijayasree :