ഒന്നരക്കോടിയോളം ചെലവാക്കിയിട്ട് അഞ്ച് ലക്ഷം കിട്ടി; മൊത്തത്തിൽ ചീറ്റിങ്ങ് ആയിരുന്നു; അഡ്വാൻസ് വാങ്ങി പടം തുടങ്ങാറായപ്പോൾ ഭാമയും ലാലും കാലുമാറി; തനിക്ക് വന്ന നഷ്ടം തുറന്നു പറഞ്ഞ് നിർമ്മാതാവ് !

സിനിമ ഒരു കൂട്ടായ്‌മയുടെ കലയാണ് . നടനെയും നടിയെയും മാത്രമാണ് പ്രാധാന്യത്തോടെ നമ്മൾ കാണുന്നതെങ്കിലും ഒരു സിനിമയ്ക്ക് പിന്നിൽ ഒരുപാട് പേരുടെ പ്രയത്നം ഉണ്ടാകും. എന്നാൽ മറ്റൊരു വസ്തുത , സിനിമകൾ വിജയിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അതിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നതും നിർമ്മാതാക്കൾ ആയിരിക്കും.

സിനിമയ്ക്കായി ചെലവാക്കുന്ന ഓരോ ചില്ലി കാശും തിരികെ ലഭിക്കണമെന്ന ആഗ്രഹത്തിലും പ്രതീക്ഷയിലും തന്നെയാകും അവർ പണമിറക്കുന്നത്. എന്നാൽ നിർമാണത്തിന്റെ പലഘട്ടങ്ങളിലും പല പ്രതിസന്ധികളും അവർക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരം പല കഥകളും മലയാള സിനിമയിലും സാധാരണമാണ്.

ഇപ്പോൾ അത്തരത്തിലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് എസ് സി പിള്ള. അഡ്വാൻസ് വാങ്ങി സിനിമ ചെയ്യാമെന്ന് ഏറ്റ പ്രമുഖ താരങ്ങളായ ലാലും ഭാമയും കാലുമാറിയെന്നും പിന്നീട് പുതുമുഖങ്ങളെ വച്ച് ചെയ്തപ്പോൾ സിനിമ പരാജയപ്പെട്ടു എന്നുമാണ് നിർമാതാവ് പറയുന്നത്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ് സി പിള്ള മനസ് തുറന്നത്. നിർമാതാവിന്റെ വാക്കുകൾ ഇങ്ങനെ,

“റേഡിയോ എന്ന സിനിമയാണ്. ഉമർ മുഹമ്മദ് എന്നൊരാളാണ് സിനിമ സംവിധാനം ചെയ്തത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആയിരുന്നു. ലാൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഭാമയും സമ്മതിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാൻ ചെയ്യാമെന്ന് പറഞ്ഞു. അന്ന് തന്നെ അയാൾക്ക് അവിടെ വച്ച് ചെറിയ അഡ്വാൻസ് നൽകി. ഭാമയ്ക്കും അന്ന് തന്നെ അഡ്വാൻസ് നൽകണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ എറണാകുളത്ത് ഭാമയുള്ള സ്ഥലത്ത് ചെന്ന് അഡ്വാൻസ് കൊടുത്തു.

ലാലിന് കൊടുക്കാൻ പോയപ്പോൾ സംവിധായകൻ പറഞ്ഞു. അയാൾ വാങ്ങിച്ചോളാം എന്നാണ് പറഞ്ഞേക്കുന്നത് എന്ന് അങ്ങനെ അത് കൊടുത്തില്ല. രണ്ടാഴ്ച കഴിഞ്ഞു പടം തുടങ്ങി. സ്ക്രിപ്റ്റും എല്ലാം റെഡിയായി. പിന്നെ സംവിധായകൻ പറയുന്നു ലാൽ എന്റെ പടത്തിൽ അഭിനയിക്കില്ലെന്ന്.

ആരോ പറഞ്ഞു തിരിച്ചതാണ്. നീ കുഴപ്പം പിടിച്ച സംവിധായകൻ ആണോയെന്ന് ഞാൻ ചോദിച്ചു. പിന്നെ ഭാമയും വിളിച്ചു പറഞ്ഞു. ഞാൻ പൈസ തിരിച്ചു തരാം അഭിനയിക്കുന്നില്ലെന്ന്. ലാൽ എന്തോ വിളിച്ചു പറഞ്ഞതാണ് എന്നാണ് എല്ലാരും പറഞ്ഞത്.

അങ്ങനെ രണ്ടു പേരും പോയി, പടം ഞാൻ വിട്ടില്ല. വേറെ ആൾക്കാരെ വച്ച് ചെയ്തു. പൊളിഞ്ഞു. ലാലിന് പകരം നിഷാൻ വന്നു. പിന്നെ ഇനിയയും സരയുവും മറ്റു കഥാപത്രങ്ങളായി. നേരത്തെ അഡ്വാൻസ് കൊടുത്ത മണിയൻ പിള്ള രാജുവൊക്കെ സിനിമയിൽ ഉണ്ടായിരുന്നു. ഒന്നരക്കോടിയോളം ചെലവാക്കിയിട്ട് അഞ്ച് ലക്ഷം കിട്ടി. മൊത്തത്തിൽ ചീറ്റിങ്ങ് ആയിരുന്നു.

പടത്തിന്റെ ഡിസ്ട്രിബൂഷൻ എടുക്കാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. പത്ത് പതിനഞ്ച് മീറ്റിങ്ങുകൾ കൂടിയെങ്കിലും പിന്നീട് ഒഴിവായി. സൂര്യക്കാരും സാറ്റ്ലൈറ്റ് അവകാശം എടുക്കാമെന്ന് പറഞ്ഞു പാലോഭിപ്പിച്ചിരുന്നു. എന്നാൽ അവരും പിന്മാറി. അങ്ങനെ ഒന്ന് ഒന്നേക്കാൽ കോടി രൂപ പോയി,’ നിർമാതാവ് പറഞ്ഞു.

about cinema

Safana Safu :