സൊണാലി ഫോഗട്ടിന്റെ മരണം സംഭവിച്ചത് ബ്രിട്ടീഷ് യുവതിയുടെ മരണത്തിനിടയാക്കിയ അതേ ഹോട്ടലില്‍; അരിച്ചുപെറുക്കി പരിശോധിച്ച് പോലീസ്

നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന ഗോവയിലെ ക്ലബ്ബിന്റെ ഉടമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ക്ലബ്ബിന്റെ ശുചിമുറിയില്‍ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.

ഈ ക്ലബിനെതിരെ മുന്‍പ് നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. 2008 ല്‍ ഒരു ബ്രിട്ടീഷ് യുവതിയുടെ മരണത്തിലും ഈ ഹോട്ടലിനെതിരെ സമാന ആരോപണം ഉയര്‍ന്നിരുന്നു. ആഗസ്റ്റ് 22ന് സഹായികളായ സുധീര്‍ സാഗ്വാനും സുഖ്വീന്ദര്‍ വാസിക്കുമൊപ്പം ഗോവയിലെത്തിയ സൊണാലി നോര്‍ത്ത് ഗോവയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സഹായികള്‍ക്കെതിരെ ഫോഗട്ടിന്റെ കുടുംബാംഗങ്ങള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് സൊണാലിക്ക് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയെന്ന് ഗോവ പോലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ സഹായത്തില്‍ സൊണാലി പബ്ബിനുള്ളില്‍ അവശ നിലയില്‍ മുടന്തി നടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ രണ്ട് പേരേയും ഗോവ പോലീസ് അറസ്റ്റ് ചെയ്തു.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സൊണാലി അമ്മയും സഹോദരിയുമായും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഇതിനിടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

ഭക്ഷണത്തില്‍ എന്തോ ചേര്‍ത്ത് നല്‍കിയായിരുന്നു സുധീര്‍ ബലാത്സംഗം ചെയ്തതെന്നും ഇത് ചിത്രീകരിച്ച് ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ആരോപിച്ചിരുന്നു. അഭിനയ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്ന് സുധീര്‍ ഭീഷണിപ്പെടുത്തി. അവര്‍ക്കെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചതായി സൊനാലി പറഞ്ഞിരുന്നുവെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Vijayasree Vijayasree :