വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച രാജു ശ്രീവാസ്തവ കോമയില്‍ തന്നെ…!, അമിതാഭ് ബച്ചന്റെ ശബ്ദം കേള്‍പ്പിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കമെന്ന് വിവരം

വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഈ വിവരം കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കോമയില്‍ തുടരുന്ന അദ്ദേഹത്തിന് ചികിത്സയുടെ ഭാഗമായി നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദം കേള്‍പ്പിക്കാനാണ് ഡോക്ടര്‍മാരുടെ ശ്രമം.

തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനായാണ് രാജു ശ്രീവാസ്തവയെ അമിതാഭ് ബച്ചന്റെ ശബ്ദം കേള്‍പ്പിക്കുന്നത്. ബച്ചന്റെ ടെലിവിഷന്‍ പരിപാടികളുടേയും സ്‌റ്റേജ് പ്രകടനങ്ങളുടേയുമെല്ലാം ശബ്ദമാണ് രാജു ശ്രീവാസ്തവയെ ഡോക്ടര്‍മാര്‍ കേള്‍പ്പിക്കുക.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജു ശ്രീവാസ്തവയ്ക്ക് അമിതാഭ് ബച്ചന്‍ ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. തിരിച്ചുവരണമെന്നും എങ്ങനെ ചിരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കണം എന്നുമായിരുന്നു സന്ദേശത്തില്‍. ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിനുശേഷം ഇത് ശ്രീവാസ്തവയെ കേള്‍പ്പിച്ചിരുന്നു.

ഇഷ്ടമുള്ളവരുടെ ശബ്ദം കേട്ടാല്‍ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യം ബന്ധുക്കള്‍ അറിയിച്ചതനുസരിച്ചാണ് ബച്ചന്‍ തന്റെ ശബ്ദത്തില്‍ സന്ദേശം അയച്ചത്.

Vijayasree Vijayasree :