സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന രുക്മിണി വിടവാങ്ങി

സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി. നാട്ടിന്‍പുറത്ത് ചീരു എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ചാലപ്പുറം സ്വദേശി രുക്മിണിയായിരുന്നു തച്ചോളി ഒതേനന്‍ എന്ന സിനിമയിലെ പാട്ടിന്റെ സീനില്‍ അംബികയുടെ തോഴിയായി അഭിനയിച്ചത്.

‘അഞ്ജന കണ്ണെഴുതി…’ എന്ന ഗാനരംഗത്താണ് നായികയോടൊപ്പം രുക്മിണി അഭിനയിച്ചത്. രുക്മിണിയുടെ നാടകത്തിലെ അഭിനയത്തിന്റെ മികവാണ് അന്ന് ഏറെ പ്രശസ്തയായ സിനിമാതാരമായ അംബികയുടെ തോഴിയായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രദേശത്തെ സാംസ്‌കാരികമുന്നേറ്റത്തില്‍ ഏറെ കരുത്തുപകര്‍ന്ന തൂണേരി കേന്ദ്രീകരിച്ചുള്ള നാടക വേദികളിലും രുക്മിണി സജീവസാനിധ്യമായിരുന്നു. നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017ലെ വിഷുദിനത്തില്‍ മികച്ചനടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന് ചാലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ രുക്മിണിയെ ആദരിച്ചിരുന്നു.

അന്ന് സംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ. ബാലന്‍ മുന്‍കൈയെടുത്താണ് നിരവധി സിനിമാതാരങ്ങളെ അണിനിരത്തിക്കൊണ്ട് ജന്മനാടായ തൂണേരിയില്‍ പരിപാടി നടത്തിയത്. ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് രുക്മിണി അടക്കമുള്ള നിരവധിപേര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെപോയതെന്നും അതുല്യപ്രതിഭകളായിരുന്നു അവരെന്നും എ.കെ. ബാലന്‍ പറഞ്ഞു.

Vijayasree Vijayasree :