‘ജന്മദിനാശംസകള്‍ പ്രിയ ഭായ്. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു’; പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ ചിരഞ്ജീവിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ‘ജന്മദിനാശംസകള്‍ പ്രിയ ഭായ്. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍. അനുഗ്രഹീതനായി നിലകൊള്ളൂ’, എന്നാണ് ചിരഞ്ജീവിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി ട്വീറ്റ് ചെയ്തത്.

മമ്മൂട്ടിയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ചിരഞ്ജീവിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. ‘രണ്ട് മെഗാസ്റ്റാറുകളും ഒരു ഫ്രെയിമില്‍, തെലുങ്ക് മെഗാസ്റ്റാറിന് ആശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍’, എന്നിങ്ങനെയാണ് ആരാധക കമന്റുകള്‍.

അതേസമയം, ചിരഞ്ജീവിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗോഡ്ഫാദര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്റെ തെലുങ്ക് വെര്‍ഷനാണ് ഈ ചിത്രം. മോഹന്‍ലാലിന്റെ കഥാപാത്രമായാണ് ചിരഞ്ജീവി ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക.

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.

Vijayasree Vijayasree :