ഒരു പോയ്ന്റ് കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാൻ തുടങ്ങി; ചുമ്മാ ​ഗോസിപ്പുകളും മറ്റുമായി ; കല ഞാൻ ഇഷ്ട്ടപ്പെടുന്നു , എന്നാൽ അത് നിലനിൽക്കുന്ന സ്ഥലം….; സിനിമകളിൽ നിന്ന് മാറി നിന്നതിനെക്കുറിച്ച് മീര ജാസ്മിൻ !

മലയാള സിനിമയുടെ ഒരു സുവർണ്ണ കാലഘട്ടത്തിലെ നായികമാരിൽ പ്രധാനിയാണ് മീര ജാസ്മിൻ. സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ച മീര ജാസ്മിൻ നടിയെന്ന നിലയിലും താരമെന്ന നിലയിലും ഒരു പോലെ വളർന്നു. സൂത്രധാരൻ, രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരിമാൻ, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങി ഒട്ടനവധി സിനിമകളിൽ മീര നായികയായി. വ്യത്യസ്തമായ പല വേഷങ്ങളിലൂടെയും മീര മലയാളികളുടെ സ്നേഹം പിടിച്ചുപറ്റി.

മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും മീര ജാസ്മിൻ ശ്രദ്ധിക്കപ്പെട്ടു. സണ്ടക്കോഴി, റൺ തുടങ്ങിയവ മീരയുടെ തമിഴ് സിനിമകളിലെ ഹിറ്റുകളാണ്. വൻ പ്രശസ്തിയാർജിച്ച മീര പക്ഷെ പിന്നീട് സിനിമകളിൽ നിന്നും അകന്നു. 2012 ഓടെ നടിയെ ബി​ഗ് സ്ക്രീനിൽ കാണുന്നത് കുറഞ്ഞു. ഇടയ്ക്ക് ദുബായിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ മീര മലയാള സിനിമയിലേക്ക് വലിയ ഒരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. മകൾ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.

സിനിമകളിൽ നിറഞ്ഞു നിന്ന കാലത്ത് നിരന്തരം ​ഗോസിപ്പുകളും മീരയെ തേടി വന്നിരുന്നു. സിനിമാ സെറ്റുകളിൽ നിന്ന് ഇറങ്ങിപോവുന്നു, ദേഷ്യപ്പെടുന്നു തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു കൂടുതലും. ഒരുവേള സംവിധായകൻ കമലും നടിക്കെതിരെ പരസ്യമായി രം​ഗത്ത് വരികയും ചെയ്തു.

മുമ്പൊരിക്കൽ ജെബി ജം​ഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ ഇത്തരം ആരോപണങ്ങൾക്ക് മീര തന്നെ മറുപടിയും നൽകിയിരുന്നു. സിനിമാ രം​ഗത്തെ ചില പ്രവണതകളോട് തനിക്ക് ഒത്തുപോവാൻ പറ്റില്ലെന്നും ഒരു ഘട്ടമെത്തിയപ്പോൾ സിനിമാ ലോകം താൻ വെറുത്തെന്നും അന്ന് മീര തുറന്നു പറഞ്ഞു.

“ഞാൻ തിരുവല്ലയിൽ നിന്ന് വന്ന കുട്ടിയാണ്. ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും സിനിമയിലേക്ക് വരാൻ പെട്ടന്ന് എനിക്കൊരു അവസരം കിട്ടി. അന്ന് വളരെ എക്സൈറ്റാഡിയിരുന്നു. രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടർ ആവണം എന്നൊക്കെ വിചാരിച്ചാണ് വന്നത്. പിന്നെ അതിഷ്ടപ്പെട്ടു’

‘നിന്നു കഴിഞ്ഞപ്പോഴേക്കും ഒരു ഘട്ടം ഉണ്ടായിരുന്നു ചുമ്മാ ​ഗോസിപ്പുകളും മറ്റുമായി. ഒരു പോയ്ന്റ് കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാൻ തുടങ്ങി. എപ്പോഴും ഞാൻ പറയുന്നതാണ്, ആർട്ട് എനിക്കിഷ്ടമാണ്. പക്ഷെ ആർട്ട് നിലനിൽക്കുന്ന ഈ സ്ഥലം എനിക്കിഷ്ടമല്ല. ഐ ലൈക് ആർട്ട് ഐ ലവ് ആർട്ട്. അതാണെന്റെ എല്ലാം. അത് നിലനിൽക്കുന്ന ഈ ഇടത്തിൽ ഞാൻ തീരെ കംഫർട്ടബിൾ അല്ല’

‘ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ ആത്മാർത്ഥമായാണ് സംസാരിക്കുന്നത്. എനിക്കല്ലാതെ പറ്റില്ല. എന്റെ പെർഫോമൻസിനെയും അത് ബാധിക്കും. എനിക്ക് ഫേക്ക് ആയ ഒരു സിറ്റുവേഷൻ തന്ന് കഴിഞ്ഞാൽ ഞാൻ അഭിനയിച്ച് വൃത്തികേടാക്കും. എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു സിറ്റുവേഷ‌നോ ഡയലോ​ഗോ സീനോ പെർഫോമൻസോ എന്ത് വേണമെങ്കിലും എനിക്ക് ചെയ്യാൻ പറ്റും. ഫേക്ക് ആയി എന്തെങ്കിലും അതിലുണ്ടെങ്കിൽ എനിക്ക് വളരെ ബുദ്ധിമുട്ടാണ്’

ആരോപണങ്ങൾ വരുമ്പോൾ പിടിച്ചു നിൽക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോൾ ഇനി എന്ത് സംഭവിച്ചു എന്ന് പറഞ്ഞാലും ഞാൻ ഉറങ്ങുന്നതിന് മുമ്പ് ഒരു വ്യക്തിയോട് സമാധാനം പറഞ്ഞിട്ട് എനിക്ക് ഉറങ്ങണം. ആ വ്യക്തിയുടെ ചോദ്യങ്ങൾക്കും ആ വ്യക്തിയുടെ സംശയങ്ങൾക്കും ഞാൻ ഉത്തരം പറഞ്ഞിരിക്കണം. എന്നാലേ എനിക്ക് സമാധാനമായി ഉറങ്ങാൻ പറ്റൂ. അത് എന്റെ മനസാക്ഷിയോടാണ്’

‘ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. വേണമെന്ന് വെച്ചിട്ട് ആരെയും വേദനിപ്പിച്ചിട്ടില്ല. ഞാൻ അങ്ങനെയൊരാളല്ല. എനിക്ക് ആൾക്കാരെ സ്നേഹിക്കാൻ ഇഷ്ടമാണ്. നെ​ഗറ്റീവ് ആളുകളെ ഇഷ്ടമല്ല,’ മീര ജാസ്മിൻ പറഞ്ഞു.

about meera jasmin

Safana Safu :