നടി ആക്രമിക്കപ്പെട്ടത് പോലുള്ള പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ഇടപെടുന്നില്ല, വിഷയത്തില്‍ കോടതി പറയട്ടെ എന്ന നിലപാടല്ല സംഘടന സ്വീകരിക്കേണ്ടത്; അമ്മയ്‌ക്കെതിരെ എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ താരസംഘടനയായ അമ്മ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി. പരാതിപ്പെടുന്ന ആളോടും കുറ്റാരോപിതരോടും സ്വീകരിക്കേണ്ട നിലപാടെന്താണ് എന്നത് സംബന്ധിച്ച് ഇവര്‍ക്കൊരു മാനദണ്ഡമില്ല. അത്തരം പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ഇടപെടുന്നില്ല, വിഷയത്തില്‍ കോടതി പറയട്ടെ എന്ന നിലപാടല്ല സംഘടന സ്വീകരിക്കേണ്ടതെന്നും കാരശേരി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎ ഇത്തരം കേസുകളിലൊക്കെ വളരെ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. കാരണം പ്രശ്‌നത്തെ പറ്റി പരാതി ഉയര്‍ന്നാല്‍ പരാതിപ്പെടുന്ന ആളോടും കുറ്റാരോപിതരോടും സ്വീകരിക്കേണ്ട നിലപാടെന്താണ് എന്നത് സംബന്ധിച്ച് ഇവര്‍ക്കൊരു മാനദണ്ഡമില്ല. അത്തരം പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ഇടപെടുന്നില്ല, വിഷയത്തില്‍ കോടതി പറയട്ടെ എന്ന നിലപാടല്ല സംഘടന സ്വീകരിക്കേണ്ടത്. സംഘടനയ്ക്ക് നേരിട്ട് അറിയുന്ന ആളുകളാണ് ഇതിനകത്തുള്ളത്’.

‘നടീ നടന്‍മാരായാലും സാങ്കേതിക പ്രവര്‍ത്തകരായാലും ഇനി സര്‍ഗാത്മകത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആണെങ്കിലും അവര്‍ക്കൊരു നിലപാട് ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകണം. സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നാട്ടുകാരായ ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ അവര്‍ക്ക് ഇതിനെ കുറിച്ച് അറിയാമല്ലോ. ഇതില്‍ ആര് ഏത് അളവില്‍ കുറ്റം ചെയ്യം ചെയ്യാതിരിക്കാം എന്നത് സംബന്ധിച്ച് നിലപാട് വേണ്ടതാണ്’.

‘പല കേസുകള്‍ വന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടന കൈക്കൊണ്ട നിലപാടല്ല നിര്‍മ്മാതാവ് ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ചിലര്‍ സ്വീകരിച്ചത്. നിലപാടുകള്‍ക്ക് ഐക്യം വേണം,അത് നീതിക്ക് വേണ്ടി നില്‍ക്കുന്നതാകണം. കാരണം ഇവരൊക്കെ അഭിനയിക്കുന്ന സിനിമകളില്‍ എല്ലാം അക്രമിക്കുന്നവര്‍ക്ക് എതിരായി അക്രമിക്കപ്പെട്ടവരുടെ കൂടെയാണ് ഇവരുടെ കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്. അത്തരം സിനിമകളുടെ ഭാഗമായാണ് അവര്‍ കൈയ്യടി നേടുന്നത്’,എന്നും എംഎന്‍ കാരശേരി പറഞ്ഞു.

‘കേരളീയര്‍ക്ക് നാണക്കേട് തോന്നേണ്ടുന്ന ഒന്നാമത്തെ കാര്യം നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവം ഇവിടെ നടന്നുവെന്നതാണ്. രണ്ടാമത്തെ കാര്യം ആ അതിജീവിതയ്ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്നാണ്. മൂന്നാമത്തെ കാര്യം ഈ കേസുമായി ബന്ധപ്പെട്ട് വക്കീലന്‍മാരും ജഡ്ഡിമാരുമടക്കം ആരോപണങ്ങള്‍ക്ക് വിധേയമായി ജനങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുകയാണ്. മുന്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ യുട്യൂബ് ചാനലില്‍ നടത്തിയ പ്രസ്താവന ആ നടന്‍ നിരപരാധിയാണെന്നാണ്.

ദിലീപിനെതിരെ കോടതി പരിഗണിച്ച തെളിവുകള്‍ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് അവര്‍ ആരോപിച്ചത്’.
നീതി ബോധത്തെ പരിഹസിക്കുന്ന ഒന്നാണത്. പോലീസ് വ്യാജമായി തെളിവുകള്‍ ഉണ്ടാക്കും ആളുകളെ കേസില്‍ കുടുക്കും എന്നാണല്ലോ അവര്‍ പറഞ്ഞ് വെക്കുന്നത്. അന്ന് അവര്‍ എന്ത് ചെയ്യുകയായിരുന്നു. എന്തുകൊണ്ടായിരുന്നു അറിയുന്ന കാര്യങ്ങള്‍ അവര്‍ പറയാതിരുന്നത്’.

‘കേസിലെ പ്രതിയായ പള്‍സര്‍ സുനി മറ്റ് നടിമാരോടും ഇങ്ങനെ ചെയ്തത് അറിയാമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാണ്. എന്തുകൊണ്ടാണ് അവര്‍ ഇതൊന്നും അന്ന് പറയാതിരുന്നത്.ശ്രീലേഖയുടെ വെളിപ്പെടുത്തലുകളൊക്കെ അമ്പരപ്പെടുത്തുന്നതാണ്. എന്താണ് നീതി, നിയമം, ക്രമം എന്നത് നിശ്ചയമില്ലാത്ത ആളാണോ ശ്രീലേഖ’.

‘ശ്രീലേഖയ്‌ക്കെതിരെ നടപടിയെടുക്കേണ്ട കാര്യങ്ങള്‍ അവരുടെ വെളിപ്പെടുത്തലില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. കാരണം അവര്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. കള്ളത്തരം തന്റെ മുന്നില്‍ നടക്കുമ്പോള്‍ മിണ്ടാതിരുന്ന ശേഷം വിരമിച്ച് കഴിഞ്ഞ് അതിനെ കുറിച്ച് തുറന്ന് പറയുക, ഇതിന്റെ അര്‍ത്ഥമെന്താണ്. നടനെ ജയിലില്‍ സന്ദര്‍ശിച്ചതിനെ കുറിച്ചൊക്കെ അവര്‍ പറയുന്നുണ്ട്. നടന്‍ അനുഭവിക്കുന്ന കഷ്ടപാടുകളെയൊക്കെ കുറിച്ച് അവര്‍ഹൃദയസ്പര്‍ശിയായ രീതിയില്‍ സംസാരിക്കുന്നുണ്ട്.മറ്റ് തടവുകാര്‍ക്ക് എന്തുകൊണ്ടാണ് ഈ ദയവൊന്നും കിട്ടാത്തത്’.

‘ശ്രീലേഖ പറയുന്നത് സത്യമാണോയെന്നത് തന്നെയാണ് പ്രശ്‌നം.ശ്രീലേഖ എന്തുകൊണ്ടാണ് അന്ന് അത് പറയാതിരുന്നത്? ഇന്നത് എന്തിന് പറഞ്ഞു, അത് പറഞ്ഞത് കൊണ്ട് ഇപ്പോള്‍ ആര്‍ക്കാണ് ദോഷം ഇതൊക്കെ വളരെ വിചിത്രമാണ്. കോടതി, പോലീസ്, നീതിന്യായ വ്യവസ്ഥ തന്നെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് , അതില്‍ വ്യക്തി താത്പര്യങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളും ധനപരമായ സ്വാധീനങ്ങളുമാണോ പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ പ്രശ്‌നം മലയാളികള്‍ക്ക് ഉണ്ട്’ എന്നും അദ്ദേഹം പറയുന്നു.

Vijayasree Vijayasree :