വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തു നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ളവ; പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് സുരേഷ്‌ഗോപി

കുട്ടിപ്പുലിയടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് മുന്‍ എംപി കൂടിയായ നടന്‍ സുരേഷ്‌ഗോപി. എല്ലാവര്‍ക്കും ഓണാശംസയും നേര്‍ന്നു. വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തു നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ളവയെന്ന് അദ്ദേഹം പറഞ്ഞു.

ശക്തന്‍ പുലിക്കളിസംഘമാണ് മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുലിക്കളിയുടെ പ്രചാരണം ലക്ഷ്യംവെച്ചായിരുന്നു പരിപാടി. പുലിക്കളിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിയാനുള്ള അവസരം ഒരുക്കുകകൂടിയായിരുന്നു ലക്ഷ്യം.

ചടങ്ങില്‍ കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള അധ്യക്ഷനായി. ബേബി പി. ആന്റണി, സജീവന്‍ കുട്ടംകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. അഞ്ചാംക്ലാസുകാരന്‍ പുതൂര്‍ക്കര സ്വദേശി ആദിന്‍ അനുരാജ്, വെളിയന്നൂര്‍ സ്വദേശികളായ കദിരേശന്‍, പരമു, പാട്ടുരായ്ക്കല്‍ സ്വദേശി സന്തോഷ് എന്നിവരാണ് പുലികളായത്.

ശക്തന്‍ പുലിക്കളിസംഘത്തിന്റെ പ്രകടനം ആസ്വദിക്കുന്ന സുരേഷ്‌ഗോപി ്യു ഫോട്ടോ: സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ്
അശോകന്‍ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ, കുട്ടപ്പന്‍ വെളിയന്നൂര്‍, പ്രകാശന്‍ പാട്ടുരായ്ക്കല്‍, ബാലസു, രഘു കാനാട്ടുകര തുടങ്ങിയവര്‍ മെയ്യെഴുത്തിന് നേതൃത്വം നല്‍കി.

Vijayasree Vijayasree :