25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിഞ്ഞ് ജോണി ഡെപ്പ്

മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസിന്റെ വിജയത്തിന് ശേഷം തന്റെ സിനിമ ജീവിത്തിലേക്ക് കൂടുതല്‍ സജീവമാവുകയാണ് ജോണി ഡെപ്പ്. അഭിനയത്തിന് ബ്രേക്കിട്ടുകൊണ്ട് ഇപ്പോള്‍ വീണ്ടും സംവിധായകനാകാനൊരുങ്ങുകയാണ് താരം. ഇറ്റാലിയന്‍ ചിത്രകാരനും ശില്പിയുമായ അമെഡിയോ മോഡിഗ്ലിയാനിയുടെ ബയോപിക്കാണ് ഡെപ്പ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

25 വര്‍ഷം മുമ്പ് 1997ല്‍ ‘ദി ബ്രേവ്’ എന്ന ചിത്രമാണ് ഡെപ്പ് ആദ്യം സംവിധാനം ചെയ്ത ചിത്രം. അല്‍ പാസിനോ, ബാരി നവിഡി എന്നിവരാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഡെന്നിസ് മക്കിന്റൈറിന്റെ നാടകത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ തിരക്കഥ ജെഴ്‌സിയും മേരി ക്രോമോലോവ്‌സ്‌കിയും ചേര്‍ന്നാണ് ഒരുക്കുന്നത്.

അമെഡിയോടെ ബയോപിക്കിലൂടെ 1916ലെ പാരീസ് കാലഘട്ടമാണ് കാണിക്കുന്നത്. അമെഡിയോയുടെ ജീവിത്തിലെ സംഭവബഹുലവുമായ 48 മണിക്കൂര്‍ യാത്രയാണ് കഥ വിവരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയും പിന്നീട് തനിക്ക് ലഭിക്കുന്ന പദവിയും ആകും ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം 2023ല്‍ ആരംഭിക്കും എന്നാണ് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ അന്തിമ കാസ്റ്റിംഗ് ഉടന്‍ വെളിപ്പെടുത്തും.

ആറാഴ്ച നീണ്ട നാടകീയ വിചാരണയ്ക്ക് ശേഷമാണ് ഡേപ്പിന് 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നുള്ള കോടതി വിധി വന്നത്. മൂന്ന് കേസുകളില്‍ ഒന്ന് വിജയിച്ച ഹേര്‍ഡിന് 2 മില്യണ്‍ ഡോളറും നഷ്ടപരിഹാരം വിധിച്ചിരുന്നു. അതേസമയം മാനനഷ്ടക്കേസില്‍ ജൂറിയുടെ വിധിക്കെതിരെ ജൂലൈ 21 ന് ഹേര്‍ഡ് അപ്പീല്‍ നല്‍കിയിരുന്നു.

Vijayasree Vijayasree :