ഇത്തരം പ്രവര്‍ത്തികള്‍ എല്ലാ വ്യവസായത്തെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും; ബോയ്‌കോട്ട് ക്യാംപെയ്‌നെതിരെ അക്ഷയ് കുമാര്‍

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങിലാകുന്ന ബോയ്‌കോട്ട് ക്യാംപെയ്‌നിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇത്തരം പ്രവര്‍ത്തികള്‍ എല്ലാ വ്യവസായത്തെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തന്നെയും ബാധിക്കുമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. നടന്റെ പുതിയ ചിത്രം ‘രക്ഷാബന്ധന്’ എതിരെയും ബഹിഷ്‌കരണ ക്യാംപെയ്ന്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്താണ് തെറ്റും ശരിയും എന്ന് മനസ്സിലാക്കാന്‍ ആളുകള്‍ മിടുക്കരാണ്. ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു, അത്തരം വികൃതികള്‍ ചെയ്യരുത്, ഇത് നല്ലതല്ല. ബഹിഷ്‌കരണം എല്ലാ വ്യവസായത്തെയും ദോഷകരമായി ബാധിക്കും. എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു അഭിപ്രായമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍, അതില്‍ ധാരാളം പണവും കഠിനാധ്വാനവും വേണ്ടിവരുന്നു. അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമ്മള്‍ പരോക്ഷമായി നമ്മെത്തന്നെ വേദനിപ്പിക്കുകയാണ്, ആളുകള്‍ ഇത് ഉടന്‍ തിരിച്ചറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’

സൗത്ത് ഇന്ത്യന്‍ സിനിമകളുടെ തുടര്‍ച്ചയായ വിജയത്തെയും ബോളിവുഡ് സിനിമകളുടെ പരാജയത്തെക്കുറിച്ചും അക്ഷയ് കുമാര്‍ പറഞ്ഞു. തെന്നിന്ത്യന്‍ ബോളിവുഡ് സിനിമയാണോ എന്നതിന്റെ അടിസ്ഥാനത്തിലല്ല സിനിമകള്‍ വിജയ്ക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു. നല്ല സിനിമകള്‍ തിയേറ്ററുകളില്‍ വിജയിക്കുകയും അല്ലാത്തത് പരാജയപ്പെടുകയും ചെയ്യുമെന്നും നല്ല സിനിമകള്‍ ചെയ്യുകയാണ് വേണ്ടതെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷാബന്ധന്റെ തിരക്കഥാകൃത്ത് കനിക ധില്ലന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയാണ് ചിത്രം ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടംപേര്‍ രംഗത്തെത്തിയിരുന്നത്. പൗരത്വ ബില്‍, പശുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോട് അതൃപ്തി അറിയിച്ചുകൊണ്ട് കനിക മുന്‍പ് നടത്തിയ ട്വീറ്റുകളാണ് ബഹിഷ്‌കരണ ക്യാംപെയ്‌നിന് ഉപയോഗിച്ചത്. എന്നാല്‍ ആഗസ്റ്റ് 11ന് തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നു.

Vijayasree Vijayasree :