കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്; വൈറലായി കുറിപ്പ്

ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ലുക്മാന്‍ അവറാന്‍. ഇതിനോടകം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ലുക്മാന്‍ അവതരിപ്പിച്ചു. ഉണ്ട, ഓപ്പറേഷന്‍ ജാവ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലെ ലുക്മാന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി.

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാലയില്‍ പ്രധാന വേഷത്തില്‍ ലുക്മാന്‍ അവറാനും എത്തുന്നുണ്ട്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്.

ഇപ്പോഴിതാ ലുക്മാന്‍ തന്നോട് ചാന്‍സ് ചോദിക്കാന്‍ വന്നത് ഓര്‍ത്തെടുക്കുകയാണ് കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ്.രമേശ്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ജിഷ്ണു എസ് രമേശ് ലുക്മാനെ ഓര്‍ക്കുന്നത്.

നാലഞ്ച് വര്ഷങ്ങള്‍ക്ക് മുമ്പ് അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന ഫ്‌ലാറ്റിലേക്ക് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാനെ തനിക്ക് ഇന്നും ഓര്‍മയുണ്ട് എന്നാണ് ജിഷ്ണു കുറിപ്പില്‍ പറയുന്നത്.

ഒരു നാലഞ്ച് കൊല്ലം മുന്നേ. അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ ഫ്‌ലാറ്റില്‍ ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്.

അന്ന് സുഡാനി വന്നിട്ടില്ല, ഉണ്ട വന്നിട്ടില്ല, ഓപ്പറേഷന്‍ ജാവ ഡിസ്‌കഷനില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല. എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാല്‍. അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട്. കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്.

Vijayasree Vijayasree :