എട്ടുകൊല്ലം മുന്‍പ് ഇറങ്ങിയ സിനിമയുടെ പേരില്‍ ഇപ്പോഴത്തെ സിനിമയുടെ പ്രദര്‍ശനം തടയുന്നത് അനുവദിക്കാനാകില്ല; ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’യുടെ പ്രദര്‍ശനം തടയാനെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകരെ തടഞ്ഞ് സിഖ് നേതാക്കള്‍

കഴിഞ്ഞ ദിവസം റിലീസായ ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിങ് ഛദ്ദ’ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വന്‍ ബഹിഷ്‌ക്കരണ കാംപയിനാണ് നടക്കുന്നത്. ആമിര്‍ ഖാന്‍ ഹിന്ദു ദൈവങ്ങളെയും ദേവതമാരെയും അവഹേളിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികള്‍ ചിത്രത്തിന്റെ റിലീസ് തടയാനായി എത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാബിലെ ജലന്ധറിലെ എംബിഡി മാളിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനം തടയാനായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍, ഒരു കൂട്ടം സിഖുകാര്‍ അവരെ തടഞ്ഞു. ‘ലാല്‍ സിങ് ഛദ്ദ’യില്‍ ആക്ഷേപാര്‍ഹമായ ഒന്നുമില്ലെന്നും എട്ടുകൊല്ലം മുന്‍പ് ഇറങ്ങിയ ചിത്രത്തിന്റെ (പികെ) പേരില്‍ ഇപ്പോഴത്തെ സിനിമയുടെ പ്രദര്‍ശനം തടയുന്നത് അനുവദിക്കാനാകില്ലെന്നും ഇത്തരം ഭീഷണികളും അക്രമങ്ങളും അനുവദിക്കില്ലെന്നും സിഖ് നേതാക്കള്‍ വ്യക്തമാക്കി.

അതോടെ പ്രതിഷേധവുമായെത്തിയ ഹിന്ദുത്വ സംഘം പിന്തിരിയുകയും ചെയ്തു. അതേസമയം, വാരണാസിയില്‍ ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിനെതിരെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പി.കെ എന്ന ചിത്രത്തില്‍ താരം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതായിരുന്നു അവരുടെയും കാരണം. 2014ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം ‘പികെ’ വലിയ വിജയമായി മാറിയിരുന്നു. താന്‍ നിര്‍മിച്ച് നായകനായ ചിത്രത്തിനെതിരെയുള്ള ബഹിഷ്‌ക്കരണ കാംപയിനുമായി ബന്ധപ്പെട്ട് ആമിര്‍ ഖാന്‍ തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :