ഇന്ത്യൻ സൈന്യത്തിന്റെയും ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടുത്തി ;ആമീർ ഖാനെതിരെ പോലീസിൽ പരാതി !

ആമിര്‍ ഖാൻ നായകനാകുന്ന പുതിയ സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. കരീന കപൂര്‍, തെന്നിന്ത്യൻ താരം നാഗ ചൈതന്യ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്
തുടക്കം മുതൽ വിവാദങ്ങളിൽ അകപ്പെട്ട ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ബഹിഷ്‌കരിക്കണ ആഹ്വാനം ഉയർന്നിരുന്നു. ചിത്രം തിയേറ്ററുകളിൽ എത്തിയതോടെ ആമിർ ഖാനെതിരെ വ്യത്യസ്തമായ ആരോപണങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ആമിർ ഖാനെതിരെ പോലീസിൽ പരാതി ലഭിച്ചിരിക്കുകയാണ്.

ആമിർ ഖാനെതിരെ ഡൽഹിയിലെ അഭിഭാഷകൻ വിനീത് ജിൻഡാൽ ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് പരാതി നൽകി. ആമിറിനെ കൂടാതെ പാരാമൗണ്ട് പിക്ചർ പ്രൊഡക്ഷൻ ഹൗസിന്റെയും മറ്റും പേരുകളും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ‘ലാൽ സിങ് ഛദ്ദ’ എന്ന ചിത്രം ഇന്ത്യൻ സൈന്യത്തിന്റെയും ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടുത്തിയെന്ന് അഭിഭാഷകൻ ആരോപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിൽ ആക്ഷേപകരമായ നിരവധി ഉള്ളടക്കങ്ങളുണ്ടെന്ന് വിനീത് ഡൽഹി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, ആമിർ ഖാൻ, സംവിധായകൻ അദ്വൈത് ചന്ദൻ, പാരാമൗണ്ട് പിക്‌ചേഴ്‌സ് പ്രൊഡക്ഷൻ ഹൗസ് എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 153, 153 എ, 298, 505 എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ‘കാർഗിൽ യുദ്ധത്തിൽ പോരാടാൻ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി ഈ സിനിമയിൽ കാണിക്കുന്നു. കാർഗിൽ യുദ്ധം ചെയ്യാൻ ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികരെയാണ് അയച്ചതെന്ന് എല്ലാവർക്കും അറിയാം. കഠിനമായ പരിശീലനത്തിന് ശേഷമാണ് സൈനികർ യുദ്ധത്തിൽ പങ്കെടുത്തത്. എന്നാൽ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ഈ സാഹചര്യമൊരുക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

തന്റെ പരാതിയിൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു സീനിനെതിരെയും അഭിഭാഷകൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലാൽ സിംഗ് ഛദ്ദയുടെ കഥാപാത്രത്തോട് ഒരു പാക് സൈനികൻ സംസാരിക്കുന്ന ഒരു രംഗവും സിനിമയിലുണ്ടെന്ന് അഭിഭാഷകൻ അവകാശപ്പെടുന്നു – ‘ഞാൻ നമസ്‌കാരം അർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു, ലാൽ, നിങ്ങൾ എന്തുകൊണ്ട് ഇത് ചെയ്തുകൂടാ?’ ഇതിന് ‘എന്റെ അമ്മ പറയുന്നു ഈ ആരാധനകളെല്ലാം മലേറിയയാണെന്ന്. ഇത് കലാപത്തിലേക്ക് നയിക്കുന്നു.’ എന്നാണ് ലാൽ സിംഗ് ഛദ്ദയുടെ മറുപടി-

സിനിമയിലെ ഈ വാചകം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയിൽ എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാൻ അനുവാദമുണ്ട്. എന്നാൽ ഈ അവകാശം ദുരുപയോഗം ചെയ്യുന്നത് തെറ്റാണ്, അത് രാജ്യത്തിന്റെ അഭിമാനത്തിനും സമാധാനത്തിനും ഭീഷണിയാണ്. ഈ പ്രസ്താവന രാജ്യത്തെ പൗരന്മാരെ സമുദായത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പ്രകോപിപ്പിക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നു. എന്നും പരാതിയിൽ പറയുന്നു.

ആമിർ ഖാൻ ഒരു നടനും പൊതുപ്രവർത്തകനുമാണെന്നും അത്തരം സാഹചര്യത്തിൽ ഇത്തരം ചർച്ചകളുടെ ആഘാതം വലിയ തോതിൽ ഉണ്ടാകുമെന്നും പരാതിക്കാരൻ പറയുന്നു. ഹോളിവുഡ് ചിത്രമായ ‘ഫോറസ്റ്റ് ഗംപി’ന്റെ ഹിന്ദി റീമേക്കാണ് ‘ലാൽ സിംഗ് ഛദ്ദ’. ‘രംഗ് ദേ ബസന്തി’യിൽ ആമിറിനൊപ്പം പ്രവർത്തിച്ചിട്ടുള്ള അതുൽ കുൽക്കർണിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കരീന കപൂർ, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ ഉണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ആമിർ ഖാൻ ചെയ്യുന്ന ചിത്രമാണ് ഇത്.

AJILI ANNAJOHN :