ഞാന്‍ പത്ത് വര്‍ഷം വൈകി, എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി; വിക്രത്തിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരനായ താരമാണ് വിക്രം. സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിക്രം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വിക്രം ഒരു വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പത്ത് വര്‍ഷം വൈകിയാണ് താന്‍ ട്വിറ്ററില്‍ എത്തുന്നത്. പക്ഷേ എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും ഇനി ഇടയ്ക്ക് വരാമെന്നും വീഡിയോയില്‍ വിക്രം പറയുന്നു. വിക്രം ട്വിറ്ററില്‍ എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്. നിരവധി പേരാണ് സന്തോഷം പങ്കിട്ട് എത്തിയിരിക്കുന്നത്.

അതേസമയം, കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘കോബ്ര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം റിലീസിന് മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Vijayasree Vijayasree :