എന്റെ മുത്തശ്ശി രാജേശ്വരിയുടെ ശ്വാസം നിലച്ചു. ഒരു യാത്രയയപ്പ് പോലും, ഒന്ന് ചുംബിക്കാന്‍ പോലും കഴിയാത്ത ഞാന്‍ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ഞാന്‍ ഒരു ‘ക്രിമിനല്‍’ ആയതിനാല്‍ എന്നെ വന്നാലുടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇന്ത്യന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്, ലീന മണിമേഖല പറയുന്നു

കുറച്ച് നാളുകള്‍ക്ക് മുമ്പ് ‘കാളി’ എന്ന സിനിമയുടെ പോസ്റ്റര്‍ ഏറെ വിവാദമായിരുന്നു. കാളിയെപ്പോലെ വസ്ത്രം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് പോസ്റ്ററില്‍ ഉള്ളത്. ലൈംഗീക ന്യൂനപക്ഷങ്ങളെ സൂചിപ്പിക്കുന്ന ഒരു മഴവില്‍ പതാകയും പശ്ചാത്തലത്തില്‍ കാണുന്ന രീതിയിലായിരുന്നു പോസ്റ്റര്‍. തുടര്‍ന്ന് ഹിന്ദു ദേവതയെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചുവെന്നാരോപിച്ചും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ച് നിരവധി സംഘടനകള്‍ ചിത്രത്തിന്റെ സംവിധായകയായ ലീന മണിമേഖലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ലീനയ്‌ക്കെതിരെ പോലീസ് കേസ് ഉണ്ടായിരുന്നു.

തുടര്‍ന്ന് സ്വന്തം നാടായതമിഴ്‌നാട്ടിലേയ്ക്ക് മടങ്ങാനാവാതെ അവര്‍ കാനഡയിലെ ടൊറന്റോയില്‍ കുടുങ്ങിയിരിക്കുകയാണ് ലീന. സ്വന്തം അമ്മൂമ്മ മരിച്ചിട്ട് അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല എന്നുപറഞ്ഞ് ലീന തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി വിവരം അറിയിച്ചത്. ഇന്ത്യന്‍ ഭരണകൂടം തന്നെ ഒരു ‘ക്രിമിനല്‍’ ആയി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ നാട്ടില്‍ എത്താനാകുന്നില്ല എന്നാണ് സംവിധായിക വ്യക്തമാക്കുന്നത്.

‘എന്റെ മുത്തശ്ശി രാജേശ്വരിയുടെ ശ്വാസം നിലച്ചു. ഒരു യാത്രയയപ്പ് പോലും, ഒന്ന് ചുംബിക്കാന്‍ പോലും കഴിയാത്ത ഞാന്‍ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ടൊറന്റോയില്‍ കുടുങ്ങിക്കിടക്കുന്നു, കാരണം ഞാന്‍ ഒരു ‘ക്രിമിനല്‍’ ആയതിനാല്‍ എന്നെ വന്നാലുടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇന്ത്യന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ ഒമ്പത് എഫ്.ഐ.ആറുകളില്‍ എന്നെ വിമാനത്താവളത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ‘ലുക്ക് ഔട്ട് സര്‍ക്കുലര്‍’ പുറപ്പെടുവിച്ചു എല്ലാം ഒരു ഫിലിം പോസ്റ്ററിന്റെ പേരില്‍’ മുത്തശ്ശിക്കൊപ്പം ഏറ്റവും അവസാനം എടുത്ത ചിത്രത്തിനൊപ്പം ലീന ഫേസ്ബുക്കില്‍ കുറിച്ചു. ലീന കാനഡയിലേക്ക് പോകുന്നതിന് മുമ്പാണ് അവര്‍ ഈ ചിത്രം എടുത്തത്. ‘കാതടി’ എന്ന തന്റെ ചിത്രത്തിനായി താന്‍ തന്നെ മുത്തശ്ശിയെ അഭിമുഖം നടത്തിയിരുന്നതായും മണിമേഖല പറഞ്ഞു.

‘എന്റെ ബിരുദദാനത്തിനും എന്റെ തീസിസ് സിനിമയുടെ പ്രീമിയറിനും പങ്കെടുക്കുമെന്ന് അമ്മൂമ്മ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ജീവിതം വീണ്ടും ക്രൂരമാണെന്ന് തെളിയിക്കുന്നു’ ലീന പറഞ്ഞു. എല്ലാ കേസുകളിലും താന്‍ വിജയിക്കുമെന്ന് മുത്തശ്ശി മൂന്ന് ദിവസം മുമ്പ് അമ്മയോട് പറഞ്ഞിരുന്നുവെന്ന് അവര്‍ പറയുന്നു.

Vijayasree Vijayasree :