ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായാണ് മേള നടക്കുക, തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ വംശഹത്യയുടെ കഥ പറയുന്ന ‘ക്വോ വാഡിസ് ഐഡ’യാണ് ഉദ്ഘാടന ചിത്രം. കോവിഡ് നിയന്ത്രണങ്ങൾ കർശനമായതിനാൽ ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്ത ഡെലിഗേറ്റുകൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമാണ് സിനിമകൾ കാണാൻ അവസരം ഉണ്ടാവുക. രാവിലെ 9.30 മുതൽ തുടങ്ങി ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 18 സിനിമകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.നഗരത്തിലെ ആറു തിയേറ്ററുകളിലായി 2164 ഇരിപ്പിടങ്ങളാണുള്ളത്.

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീന്‍ലുക് ഗൊദാര്‍ദിനുവേണ്ടി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

വിവിധ വിഭാഗങ്ങളിലായി 2500 പാസുകളാണ് തിരുവനന്തപുരത്തെ മേളയില്‍ അനുവദിച്ചിട്ടുള്ളത്. അന്തരിച്ച കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളനാസ്, ഇര്‍ഫാന്‍ ഖാന്‍, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റര്‍ജി, ഭാനു അത്തയ്യ, സച്ചി, അനില്‍ നെടുമങ്ങാട്, ഋഷികപൂര്‍ എന്നീ പ്രതിഭകളുടെ ചിത്രങ്ങളും മേളയുടെ ഭാഗമാകും. മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള 80 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായ വാസന്തി, ബിരിയാണി എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇത്തവണ സംവാദവേദിയും ഓപ്പണ്‍ഫോറവും ഓണ്‍ലൈനിലാണ്.

ആദ്യദിനം നാലു മത്സരച്ചിത്രങ്ങളടക്കം പതിനെട്ടുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ ആദ്യം ബഹ്മെന്‍ തവോസി സംവിധാനംചെയ്ത ‘ദി നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്സ്’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഷീന്‍ലുക് ഗൊദാര്‍ദിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട്ട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയുമാണ് മേള.

Noora T Noora T :