ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ എന്തോ സാരമായി ബാധിച്ചിട്ടുണ്ട്; ‘ന്നാ താന്‍ കേസ് കൊട്’ സിനിമ തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്ന് ബെന്യാമിന്‍

‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഏഴുത്തുകാരന്‍ ബെന്യാമിന്‍. സിനിമ തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്നും ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ എന്തോ സാരമായി ബാധിച്ചിട്ടുണ്ടെന്നും ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ ആണ് തീരുമാനം’, എന്നാണ് ബെന്യാമിന്‍ കുറിച്ചത്.

‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമുള്ള പോസ്റ്റ്റ്ററാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. പരസ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാലാണ് പരസ്യം നല്‍കിയത്. തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ് ചിത്രത്തിനാധാരം.

ഇനി തമിഴ്‌നാട്ടില്‍ നിന്ന് ബഹിഷ്‌കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും കുഞ്ചാക്കോ ബോബന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താന്‍ കേസ് കൊട് സിനിമക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും എന്നത് മാത്രമാണ് സംഭവിക്കാന്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.

രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഇന്ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.

Vijayasree Vijayasree :