കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കില്‍ സ്മൂത്ത് ആയിട്ട് മുന്നോട്ടു കൊണ്ടുപോകാം; സിനിമ കണ്ട ആളുകളോട് ചിത്രത്തെക്കുറിച്ച് ചോദിക്കണമെന്ന് കുഞ്ചാക്കോ ബോബന്‍

റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കഴിഞ്ഞ ദിവസം മുതല്‍ ചിത്രത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് രേഖപ്പെടുത്തിയ ചിത്രത്തിന്റെ പോസ്റ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഈ പരസ്യം കണ്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നത്. നമ്മള്‍ കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കില്‍ സ്മൂത്ത് ആയിട്ട് മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ കണ്ട ആളുകളോട് ചിത്രത്തെക്കുറിച്ച് ചോദിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു. പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങള്‍ തന്നൊണ്. അതിനെക്കാള്‍ ഉപരി വിശാലമായി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.

ഈ സിനിമയില്‍ കുഴിമാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് സിനിമ. ഏതെങ്കിലും ഒരു രാഷ്ട്രീയ ജനവിഭാഗത്തെ മാത്രം ടാര്‍ഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്. മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും നമ്മുടെ സാധാരണകാരന്റെ അവസ്ഥ മനസ്സിലാക്കണം.

ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്‌നങ്ങള്‍ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്റെ അകമ്പടിയോടെ സിനിമ പറയുന്നു. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയയോ സര്‍ക്കാരിനെയോ ടാര്‍ഗെറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആസ്വദിച്ചൊരു പരസ്യമാണിത്. കാരണം സിനിമ കണ്ടുകഴിയുമ്പോള്‍ സിനിമയുടെ കഥയെന്താണെന്ന് മനസിലാക്കുകയും പരസ്യത്തെക്കാളുപരി കഥയിലേക്ക് വരികയും ആസ്വദിക്കുകയും കാണുകയും ചെയ്യുന്നൊരു കാഴ്ചയാണ് താന്‍ തിയറ്ററില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :