വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും… വീണ്ടും സണ്ണി ലിയോൺ

കേരളത്തിൽ അവധി ആഘോഷത്തിനെത്തിയ നടി സണ്ണി ലിയോണിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു
വഞ്ചന കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പണം വാങ്ങിയിട്ടും പരിപാടിയിൽ പങ്കെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു താരത്തെ ചോദ്യം ചെയ്തത്.

ഇപ്പോഴിതാ വിവാദങ്ങൾക്കു പിന്നാലെ നടി സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ കുറിപ്പ്.

വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ലെന്ന് താരം കുറിച്ചു. കുറിപ്പിനൊപ്പം തിരുവനന്തപുരത്തെ പൂവാർ ദ്വീപിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്

ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടാകുന്നത്.

പെരുമ്പാവൂർ സ്വദേശിയായ പ്രോഗ്രാം കോ ഓർഡിനേറ്ററിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണു നടിയുടെ മൊഴി എടുത്തത്. പണം വാങ്ങിയിരുന്നുവെന്നും എന്നാൽ, ചടങ്ങ് നടത്തുന്നതിൽ സംഘാടകനാണു വീഴ്ചപറ്റിയതെന്നുമാണു നടിയുടെ മൊഴി.

കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയ നടിയുടെ മൊഴി പൂവാറിലെ റിസോർട്ടിലെത്തിയാണു ക്രൈംബ്രാ‌ഞ്ച് രേഖപ്പെടുത്തിയത്. 2016 മുതൽ പല തവണയായി പണം മാനേജർ മുഖേന കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണു പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിക്കു നൽകിയ പരാതിയിലുള്ളത്.

പിന്മാറിയ വിവരം നടി ട്വീറ്റ് ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷിയാസ് പറയുന്നു. ഡിജിപിയുടെ നിർദേശപ്രകാരമാണു കൊച്ചി ക്രൈംബ്രാ‌ഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്. 5 തവണ താൻ സംഘാടകർക്കു ഡേറ്റ് നൽകിയിരുന്നുവെന്നും എന്നാൽ ആ ദിവസങ്ങളിലൊന്നും ചടങ്ങുകൾ നടത്തിയില്ലെന്നും പിന്നീടു പല അസൗകര്യങ്ങളും ഉണ്ടായെന്നും നടി മൊഴി നൽകി. ഉചിതമായ മറ്റൊരു ദിവസം പരിപാടിയിൽ പങ്കെടുക്കാൻ തയാറാണെന്നും അവർ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ സംഘാടകരിൽ നിന്നു വീണ്ടും വിവരങ്ങൾ ശേഖരിക്കാനും ഇതിനു ശേഷം തുടർ നടപടി സ്വീകരിക്കാനുമാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Noora T Noora T :