ദിലീപിന് ഇന്ന് നിർണ്ണായകം ; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍!

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ
ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഈ ആവശ്യം വിചാരണക്കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ കോടതിക്ക് മുന്നില്‍ അതിജീവതയും, പ്രൊസിക്യൂഷനും നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുകൂട്ടരും കേസില്‍ വിചാരണ കേള്‍ക്കുന്ന ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു.

ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ സമയം നൽകി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു.

ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

എറണാകുളം സി ബി ഐ കോടതി മൂന്നിൽ നിന്ന് കേസ് നടത്തിപ്പ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വർഗീസ് പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജ‍ഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ വിചാരണച്ചുമതല ഏൽപിച്ചത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സി ബി ഐ കോടതിയിൽ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.

സിബിഐ കോടതി മൂന്നിന് പുതിയ ജ‍ഡ്ജിയേയും നിയമിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഇതോടെയാണ് കേസ് നടത്തിപ്പ് ഹണി എം വർഗീസിന്‍റെ ചുമതലയിലുളള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ പ്രോസിക്യൂഷൻ കേന്ദ്രങ്ങളിൽ നിന്നടക്കം ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉയർന്നതോടെയാണ് നടിയെ ആക്രമച്ച കേസിന്‍റെ വിചാരണ ഹണി എം വർഗീസ് തന്നെ തുടരുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ അനുബന്ധ കുറ്റപത്രത്തിൽ 102 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ സാക്ഷികളായി ഉൾപ്പെടുത്തിയ ചിലരേയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

AJILI ANNAJOHN :