‘താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’, ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്?; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി സ്വാസിക വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായ നടിയാണ് സ്വാസിക വിജയ്. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയാണ് സ്വാസിക. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരം. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്ന് ഒരു യൂസര്‍ കമന്റ് ചെയ്തു. ഇതിനോടായിരുന്നു സ്വാസികയുടെ പ്രതികരണം.

‘അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല.

സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ പ്ലീസ്.. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.’ സ്വാസിക മറുപടി കമന്റായി കുറിച്ചു.

Vijayasree Vijayasree :