ഇത് കടന്നുപോയി, എന്റെ വീട്ടിലെ ആൺകുട്ടി ഷർട്ടില്ലാതെ പുറത്തേക്കിറങ്ങിയാൽ? ഇത് കണ്ട് ആൺകുട്ടികൾ വഴിപിഴച്ചുപോയാൽ !

കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോപ് ലെസ് ആയ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്… ബീച്ചിൽ വെയിൽ കായുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഭാര്യ സുപ്രിയയാണ് ചിത്രങ്ങൾ പകർത്തിയത്. നിരവധി അഭിപ്രായങ്ങളാണ് ഈ ചിത്രത്തെ കുറിച്ച് ഉയരുന്നത്.

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വ രശ്മിത രാമചന്ദ്രൻ എത്തിയിരുന്നു . നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്താന്നായിരുന്നു അഡ്വ രശ്മിത രാമചന്ദ്രൻ ചേദിച്ചത്. ഇതിന് പിന്നാലെ ഡോ. നെല്‍സണ്‍ ജോസഫാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരു ആൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ പൃഥ്വിരാജിനോട്‌ ചിലത്‌ പറയാനുണ്ട്‌. ഇപ്പൊഴത്തെ ചില പുതിയ ആമ്പിള്ളേരു പറയും അവരെടെ കാര്യം അവരാ തീരുമാനിക്കുന്നതെന്ന്. അല്ല, നമ്മളങ്ങനെ അനാവശ്യമായിട്ട്‌ ആരുടേം കാര്യത്തില്ല് എടപെടാറില്ല. എന്നാലും ഇങ്ങനെ ചിലത്‌ കാണുമ്പൊ പറഞ്ഞു പോവില്ലേ?

വല്ല പൂവിന്റെയോ പൂമ്പാറ്റയുടെയോ പടം പ്രൊഫൈൽ പിക്‌ ആക്കാതെ സ്വന്തം ഫോട്ടോ, അതും ഒറ്റയ്ക്കുള്ളത്‌ ഇടുന്നത്‌ പോട്ടെന്ന് വയ്ക്കാം. എന്നാലും ഇത്‌ കുറച്ച്‌ കടന്നുപോയി
ആണുങ്ങളായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണെന്നും ഇന്നല്ലെങ്കിൽ നാളെ ഒരു പെണ്ണിന്റെ ഭർത്താവായി മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടതാണെന്നും ആരും പറഞ്ഞുതന്നില്ലേ? അതോ നാലാള് അറിയപ്പെടുന്ന ഒരാളായപ്പൊ നമ്മുടെ രീതികളെയൊക്കെ മറന്നുകളഞ്ഞോ
അങ്ങനെയുള്ള ആൾക്കാരല്ലേ മറ്റുള്ളോർക്ക്‌ മാതൃക കാണിക്കേണ്ടത്‌? രാത്രി പത്ത്‌ മണി കഴിഞ്ഞും നിങ്ങളെ ഓൺലൈനിൽ കണ്ടവരുണ്ടെന്ന് പറഞ്ഞുകേട്ടു. ഇതൊന്നും അത്ര ശരിയല്ല കേട്ടോ…

മുണ്ടും പാൻ്റും ധരിച്ച് മാന്യമായി നടക്കുന്നതിനു പകരം ഇങ്ങനെ നടക്കുകയും മോഡേൺ കളിക്കുകയും ചെയ്യുന്ന ആൺകുട്ടികളെ എല്ലാവരും മോശക്കാരായേ കാണൂ…അച്ഛന്മാരും ആൺകുട്ടികളുമടക്കം പൊതുസമൂഹം ഇതൊക്കെ കാണുന്നുണ്ടെന്ന് ആലോചിക്കാത്തതെന്താണ്?
ഇത്‌ കണ്ട്‌ നാളെ എന്റെ വീട്ടിലെ ആൺകുട്ടി ഷർട്ടില്ലാതെ പുറത്തേക്കിറങ്ങിയാൽ?
ഇതൊക്കെ കണ്ട് നമ്മുടെ ആൺകുട്ടികൾ വഴിപിഴച്ചുപോയാൽ !!
എത്രയും പെട്ടെന്ന് ഷർട്ടില്ലാത്ത പടം മാറ്റി കിളികളുടെയോ പൂവിന്റെയോ പടമിടുമെന്ന പ്രതീക്ഷയോടെ… ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

Noora T Noora T :