ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാളം ആക്ഷൻ ചിത്രമാണ് “കടുവ. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചുമുള്ള സംഭാഷണമാണ് വിവാദത്തിന് കാരണമായത്.
തുടർന്ന് അണിയറ പ്രവർത്തകർ മാപ്പ് പറയുകയും സംഭാഷണം പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും സിനിമയിലെ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍.
സിനിമയിലെ വില്ലൻ കഥാപാത്രം നായകനെ കൊല്ലുവാനായി സമീപിക്കുന്നത് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന വ്യക്തിയെയാണ്. വില്ലൻ ആവശ്യപ്പെടുമ്പോൾ സന്തോഷപൂർവ്വം ഡോക്ടർ അയാൾക്കൊപ്പം ആ രോഗിയെ അയക്കുകയും ചെയ്യുന്നു. ഇത് എവിടെ നടക്കുന്ന കാര്യമാണ് എന്ന് ഡോ. സി ജെ ജോണ്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.ഡോ.
സി ജെ ജോണിന്റെ വാക്കുകൾ:കടുവയെന്ന സിനിമയിൽ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വേറെയും പരാമർശമുണ്ട്. ഇതിലെ വില്ലൻ പോലീസ് മേധാവി, നായകനെ കൊല്ലാൻ വേണ്ടി കൊട്ടേഷനായി സമീപിക്കുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയിൽ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നു.
ബൈപോളാർ രോഗവും ക്രിമിനൽ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടർ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ് വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികൾ ഉള്ളവരെ ഇങ്ങനെ മോശം രീതിയിൽ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാൻ? പ്രത്യേകിച്ചു ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേർക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന് ഇങ്ങനെ ഒരു കടുവ? ഒരു കഷ്ണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യുട്ട് ചെയ്തു.