മാനസിക രോഗമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന വേറെയും പരാമര്‍ശമുണ്ട്, കടുവയ്‌ക്കെതികെ രൂക്ഷ വിമര്‍ശനവുമായി മനോരോഗ വിദഗ്ധന്‍

ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു കടുവ. ചിത്രം റിലീസായതിന് പിന്നാലെ സിനിമയിലെ ഒരു സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ പൃഥ്വിരാജടക്കം ക്ഷമ ചോദിക്കുകയും അണിയറ പ്രവര്‍ത്തകര്‍ ഈ ഭാഗം പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ മാനസിക രോഗമുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സിജെ ജോണ്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ. സി ജെ ജോണിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

കടുവയെന്ന സിനിമയില്‍ മാനസിക രോഗമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന വേറെയും പരാമര്‍ശമുണ്ട്. ഇതിലെ വില്ലന്‍ പൊലീസ് മേധാവി, നായകനെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയില്‍ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടുന്നു. ബൈപോളാര്‍ രോഗവും ക്രിമിനല്‍ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടര്‍ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ് വിടുന്നു. ഇത് ഏത് കോത്താഴത്തു നടക്കുന്ന കാര്യമാണ് കഷ്ടം തന്നെ.

മാനസിക വെല്ലുവിളികള്‍ ഉള്ളവരെ ഇങ്ങനെ മോശം രീതിയില്‍ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാന്‍. പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേര്‍ത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേര്‍ക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന് ഇങ്ങനെ ഒരു കടുവ ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യൂട്ട് ചെയ്തു.

Vijayasree Vijayasree :