നടിയെ ആക്രമിച്ച കേസ് ; ജഡ്ജിയെ മാറ്റണമെന്ന സാമൂഹ്യ പ്രവർത്തക കെ അജിതയുടെ ആവശ്യം തള്ളി!

നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണം എന്ന ആവശ്യം തള്ളി. ഹണി എം വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ അജിതയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാർ അപേക്ഷ തള്ളിക്കൊണ്ടുള്ള അറിയിപ്പ് നൽകി. ആവശ്യം തള്ളാനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല.നേരത്തെ നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. സിബിഐ കോടതി മൂന്നിൽ നിന്നും അസിസ്റ്റന്റ് രജിസ്ട്രാർക്ക് കേസ് മാറ്റാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹർജി നൽകിയിരുന്നു.

കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയിൽ നിന്നും ജില്ലാ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാൻ ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിട്ടത്.

ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് സിബിഐ കോടതി മൂന്നിൽ നിന്നും ഹണി എം വർഗ്ഗീസ് ജഡ്ജായ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ കോടതി മൂന്നിൽ നിന്നും മാറ്റിക്കൊണ്ട് ശിരസ്തദാറാണ് ഉത്തരവിട്ടത്. സുപ്രധാനമായ ഈ കേസ് ഒരു കോടതിയിൽ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാൻ അസിസ്റ്റന്റ് രജിസ്ട്രാർക്ക് കഴിയുമോ എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. മാത്രമല്ല ആരുടെ നിർദ്ദേശ പ്രകാരമാണ് കേസ് മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയതിന് എതിരെ നിയമ നടപടിക്ക് പ്രോസിക്യൂഷൻ ഒരുങ്ങുന്നത്.


നേരത്തെ ജഡ്ജ് ഹണി എം വർഗീസിൽ അവിശ്വാസം രേഖപ്പെടുത്തി അതിജീവിതയും കേസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. ഹണിയുടെ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്നാണ് അതിജീവിതയുടെ പരാതി. വിചാരണ കോടതിയിൽ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഉപയോഗിച്ചതിലെ ആശങ്കയും അതിജീവത പരാതിയിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിക്കുമെന്ന ഭയപ്പെടുന്നതായും ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ അതിജീവിത പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയ്ക്കെതിരെ നേരത്തെ തന്നെ അതിജീവിത രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ആവശ്യം ഇരുകോടതികളും അനുവദിച്ചിരുന്നില്ല.

വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കെ കേസിലെ ഏറ്റവും നിർണായകമായ തെളിവായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന ഫോറൻസിക് കണ്ടെത്തൽ വരുന്നത്. വിവോ ഫോണിലിട്ട് മെമ്മറി കാർഡ് തുറന്നുവെന്നായിരുന്നു പരിശോധന ഫലം. ഇക്കാര്യം തന്റെ അപേക്ഷയിൽ നടി ചൂണ്ടിക്കാട്ടിയിരുന്നു.തന്റെ ദൃശ്യങ്ങൾ പുറത്ത് പോയിരിക്കാം. അത് ഏത് സമയം വേണമെങ്കിൽ പ്രചരിക്കാമെന്ന ഭീതിയിലാണ് കഴിയുന്നത്. ഇക്കാര്യങ്ങൾ വനിതാ ജഡ്ജിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പ്രതികളെ പിടികൂടാൻ നടപടിയെടുത്തില്ലെന്നായിരുന്നു അവർ പരാതിപ്പെട്ടത്.

AJILI ANNAJOHN :