ഇപ്പോഴും ആകാശദൂതിലെ ചില സീനുകള്‍ കാണുമ്പോള്‍ താന്‍ കരഞ്ഞു പോകും.., ആദ്യം ആ പാട്ടിന്റെ ട്യൂണാണ് ചെയ്തത്. പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ സംവിധായകന്‍ സിബി മലയില്‍ കരഞ്ഞുപോയി; ‘ആകാശദൂത്’ എന്ന ചിത്രത്തെ കുറിച്ച് സിബി മലയില്‍

മലയാളികളെ ഏറെ കരയിച്ച ചിത്രമായിരുന്നു മാധവി, മുരളി എന്നിവരെ പ്രധാന കഥാപാത്രമാക്കി സിബി മലയില്‍, ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തെത്തിയ ആകാശദൂത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രം കണ്ടാല്‍ കണ്ണ് നിറയാത്തവര്‍ ചുരുക്കമാണ്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് സംഗീത സംവിധായകനായ ഔസേപ്പച്ചന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ആകാശദൂത് കണ്ട് കരയാത്തവര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ല. ഇപ്പോഴും ആകാശദൂതിലെ ചില സീനുകള്‍ കാണുമ്പോള്‍ താന്‍ കരഞ്ഞു പോകും, സിനിമയിലെ ഒരു സീനില്‍ കാലിന് വയ്യാത്ത പയ്യന്‍ അമ്മയോട് പറയുന്ന രംഗമുണ്ട്, ‘അമ്മേ എന്റെ കാല് ഇങ്ങനെ ആയത് നന്നായി അല്ലേ എനിക്ക് അമ്മേടെ കൂടെ ജീവിക്കാലോ..’ എന്ന്. ആ സീന്‍ എനിക്ക് പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല.. ഞാന്‍ കരഞ്ഞുപോകും.

ഒരു കാലഘട്ടം വരെ അതിന്റെ കഥ ആരോടെങ്കിലും പറഞ്ഞാല്‍ തന്നെ താന്‍ കരഞ്ഞുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ‘രാപ്പാടി കേഴുന്നുവോ’ എന്ന ഗാനം ഓഎന്‍വി ഭംഗിയായാണ് വിഷ്വലൈസ് ചെയ്തിരിക്കുന്നത്. അതാണ് അത്രയും ഭംഗിയായ വരികള്‍ വന്നത്. ആദ്യം ആ പാട്ടിന്റെ ട്യൂണാണ് ചെയ്തത്. പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ സംവിധായകന്‍ സിബി മലയില്‍ കരഞ്ഞുപോയി.

അതോടെ അതിന്റെ ഫസ്റ്റ് ട്യൂണ്‍ തന്നെ ഓക്കെ പറയുകയായിരുന്നെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ആ സിനിമയുടെ വിജയത്തിന് പിന്നില്‍ ആ ഗാനത്തിന് വലിയ റോള്‍ ഉണ്ടെന്നും അത് പാടിയത് യേശുദാസാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മുഴുവന്‍ ഫീലും ആ പാട്ടില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1993ല്‍ പുറത്തിറങ്ങിയ ആകാശദൂത് ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നേടിയിരുന്നു. മുരളി, മാധവി എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍.എഫ്. വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Vijayasree Vijayasree :