എന്തൊക്കെ പറഞ്ഞാലും മലയാള സിനിമ പുരുഷ കേന്ദ്രീകൃത ഇന്‍ഡസ്ട്രിയാണ്. മലയാളത്തില്‍ സിനിമയുടെ ബിസിനസ് നടക്കുന്നതും സാറ്റ്‌ലൈറ്റ് പോകുന്നതും എല്ലാം നായകന്‍മാരുടെ പേരിലാണ്; സ്വന്തമായി വിജയിപ്പിക്കാന്‍ കഴിയുന്ന നിലയിലേയ്ക്ക് നടിമാര്‍ വളരുമ്പോള്‍ അവര്‍ക്ക് തുല്ല്യവേതനം വാങ്ങിക്കാമെന്ന് ധ്യാന്‍ ശ്രീനിവാസന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സ്വന്തമായി വിജയിപ്പിക്കാന്‍ കഴിയുന്ന നിലയിലേയ്ക്ക് നടിമാര്‍ വളരുമ്പോള്‍ അവര്‍ക്ക് തുല്ല്യവേതനം വാങ്ങിക്കാമെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ തുല്യ വേതനത്തെ കുറിച്ച് സംസാരിച്ചത്. എന്തൊക്കെ പറഞ്ഞാലും മലയാള സിനിമ പുരുഷ കേന്ദ്രീകൃത ഇന്‍ഡസ്ട്രിയാണ്. മലയാളത്തില്‍ സിനിമയുടെ ബിസിനസ് നടക്കുന്നതും സാറ്റ്‌ലൈറ്റ് പോകുന്നതും എല്ലാം നായകന്‍മാരുടെ പേരിലാണ്.

തമിഴ്‌നാട്ടിലൊക്കെ നയന്‍താരയുടെ പേരില്‍ ബിസിനസ് നടക്കുന്നുണ്ട്. ഇവിടെ മഞ്ജു ചേച്ചിടെ പേരില്‍ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെയൊരു നിലയിലേക്ക് നടിമാര്‍ വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായിട്ടും തുല്യ വേതനമൊക്കെ ആവശ്യപ്പെടാം. പക്ഷെ സ്വന്തമായിട്ട് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന നിലയിലേക്ക് അവര്‍ വളരണം. അപ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന സാലറി ചോദിക്കാന്‍ സാധിക്കും. വളരെ ചുരുക്കം നടിമാരെ അങ്ങനെയുള്ളു ഇവിടെ. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കും. അവര്‍ക്ക് അതിന്റേതായ ബിസിനസ് ഉണ്ട്.

ചേമ്പറിലെല്ലാം ഇതിപ്പോള്‍ വലിയ ചര്‍ച്ചയാണ്. നമുക്ക് ഇപ്പോള്‍ നമ്മുടെ കാര്യം മാത്രമല്ലേ പറയാന്‍ സാധിക്കുകയുള്ളൂ. ഞാന്‍, ഗോകുല്‍, എന്റെ ചേട്ടന്‍ എല്ലാം വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അതിനെ താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് മുന്നെ വന്നവരും ശേഷം വന്നവരുമെല്ലാം അതിന് ഇരട്ടിയുടെ ഇരട്ടി വാങ്ങിക്കുന്നവരുണ്ട്. മലയാളം പൊതുവെ ചെറിയ ഇന്‍ഡസ്ട്രിയാണ്.

ഇപ്പോള്‍ ഒടിടി എന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു റവന്യൂ വരുന്നു. പിന്നെ സാറ്റ്‌ലൈറ്റ് വരുന്നു. ഈ ഒടിടി പ്ലാറ്റ്‌ഫോം വന്നതിന് ശേഷമാണ് പിന്നീട് അഭിനേതാക്കള്‍ എല്ലാം അതില്‍ നിന്ന് കിട്ടുന്ന ഒരു റവന്യൂ വെച്ച് കൊറോണയ്ക്ക് ശേഷം ഒരുപാട് ആളുകള്‍ ഭയങ്കരമായി വേതനം ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :