നടുറോഡില്‍ കണ്‍മുന്നില്‍ വെച്ച കത്തിക്കുത്ത്; സമയോചിത ഇടപെടല്‍ നടത്തി നടന്‍ ദേവ് പട്ടേള്‍; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

നിരവധി ചിത്രങ്ങളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ദേവ് പട്ടേല്‍. ഇപ്പോഴിതാ നടുറോഡില്‍ നടന്ന കത്തിക്കുത്ത് സംഭവത്തില്‍ സമയോചിതമായി ഇടപ്പെട്ടിരിക്കുകയാണ് നടന്‍. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലെ കണ്‍വീനിയന്‍സ് സ്‌റ്റോറിന് മുന്നിലായിരുന്നു സംഭവം. ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വഴക്ക് നടക്കുകയും അത് കത്തിക്കുത്തിലേയ്ക്ക് കടന്നപ്പോഴുമായിരുന്നു നടന്റെ ഇടപെടല്‍.

സംഭവത്തിനിടയില്‍ ഒരു പുരുഷന് നെഞ്ചില്‍ കുത്തേല്‍ക്കുകയും ചെയ്തു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്‍മുന്നില്‍ ഇത്തരമൊരു സംഘര്‍ഷം കണ്ടപ്പോള്‍ ദേവ് പട്ടേല്‍ പ്രതികരിക്കുകയായിരുന്നു എന്ന് നടന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

‘ദേവ് പട്ടേലും സുഹൃത്തുക്കളും ഒരു വാക്കേറ്റത്തിന് സാക്ഷ്യം വഹിച്ചു. ദേവ് ഉടന്‍ സ്വാഭാവികമായി പ്രതികരിക്കുകയും കത്തിക്കുത്ത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം വഷളാകാതിരിക്കുന്നതില്‍ ദേവും സുഹൃത്തുക്കളും വിജയിച്ചു. തുടര്‍ന്ന് ആംബുലന്‍സും പൊലീസും സ്ഥലത്ത് എത്തുന്നത് വരെ സംഘം അവിടെ തുടര്‍ന്നു’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താരത്തിന്റെ ഈ പ്രവര്‍ത്തി വാര്‍ത്തയായതോടെ നിരവധി പേരാണ് അദ്ദേഹത്തെ ആശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ ഇടപെടാന്‍ പോകുമ്പോള്‍ വളരെ സൂക്ഷിക്കണം എന്നും പ്രത്യേകിച്ച് ആയുധ ധാരികളായവരെ വളരെ അധികം സൂക്ഷിക്കണമെന്നും ഒരാള്‍ മുന്നറിയിപ്പും കൊടുക്കുന്നുണ്ട്.

Vijayasree Vijayasree :