ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും നന്മയുണ്ടാകണം ; ‘പാപ്പൻ’ വിജയിച്ചത് നായകനായ സുരേഷ് ഗോപിയുടെ നന്മ കാരണം; തുറന്ന് പറഞ്ഞ് ടിനി !

ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ‘പാപ്പൻ’ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. പൊലീസ് വേഷത്തിൽ സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവായാണ് ആരാധകർ ചിത്രത്തെ വിലയിരുത്തുന്നത്. യേറ്ററുകളിൽ ആവേശം നിറച്ച് ‘പാപ്പൻ’ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ, ‘പാപ്പൻ’ സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു എത്തിയിരിക്കുകയാണ് നടൻ ടിനി ടോം. ചിത്രത്തിൽ സിഐ സോമൻ നായർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ടിനി ടോമായിരുന്നു. സാധാരണക്കാർക്കിടയിൽ നിന്ന് വന്നയാളാണ് താൻ തനിക്ക് നിങ്ങൾ കയ്യടിക്കുമ്പോൾ നന്ദി പറയേണ്ട കടമ തനിക്കുണ്ടെന്ന് പറഞ്ഞാണ് ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെ നന്ദി പറഞ്ഞത്.

ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും നന്മയുണ്ടാകുമെന്നും ചിത്രത്തിലെ നായകനായ സുരേഷ് ഗോപിയുടെ നന്മയാകും ചിത്രം വിജയിക്കാൻ കാരണമെന്നും ടിനി ടോം ലൈവിൽ പറഞ്ഞു. ടിനിയുടെ വാക്കുകൾ ഇങ്ങനെ.

“ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിലെത്തിയത് പ്രത്യേകം നന്ദി പറയാനാണ്. പാപ്പൻ എന്ന സിനിമയ്ക്ക് നിങ്ങൾ നൽകിയ സ്വീകാര്യതയ്ക്ക് ഒരായിരം നന്ദി അർപ്പിക്കുകയാണ്. അതിൽ എന്റെ കഥാപാത്രത്തിന്റെ പേര് സിഐ സോമൻ നായർ എന്നാണ്. തിയറ്ററുകളിലൊക്കെ ചിരിയും കയ്യടിയും ഉണ്ടെങ്കിൽ, അതിനെനിക്ക് ഓരോരുത്തരോടും നേരിട്ട് വന്ന് നന്ദി പറയാൻ സാധിക്കില്ല. സാധാരണക്കാരിൽ നിന്നും വന്നിട്ടുള്ളൊരു കലാകാരനാണ് ഞാൻ. ഒരു സിനിമ, താര കുടുംബത്തിൽ നിന്നും വന്ന ആളല്ല. അമ്പല പറമ്പുകൾ, പള്ളി പറമ്പുകൾ പ്രോ​ഗ്രാം ചെയ്ത് സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നും വന്നതാണ്. അവരെന്നെ സ്വീകരിക്കുമ്പോൾ തിരികെ നന്ദി പറയുക എന്നൊരു കടമ എനിക്കുണ്ട്.

“റെഡ് അലർട്ട് ഒക്കെ ആണെങ്കിലും നിറഞ്ഞ സദസ്സുകളിൽ പാപ്പൻ പ്രദർശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതിൽ പങ്കെടുത്ത ആളുകളുടെ പ്രവർത്തികൾ ആയിരിക്കാം. സുരേഷേട്ടൻ ആണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഒരു നെ​ഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ ഇത്രയും വിജയിക്കാൻ കാരണം. നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാകും ചിത്രത്തിൽ അഭിനയിക്കാൻ മറ്റുള്ളവർക്കും സാധിച്ചത്.”

ജോഷി സാർ എന്ന ഡയറക്ടറിൽ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാൻ കാരണം. ഇതിന്റെ നിർമാതാക്കളുടെ വിയർപ്പിൽ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്. കുറേ നന്മയുള്ള ആളുകൾ ഒത്തുചേരുമ്പോഴാണ് വിജയമുണ്ടാകുന്നത്. പരാജയപ്പെടുന്നവർ ദുഷ്ടന്മാർ എന്നല്ല പറയുന്നത്. പാപ്പന്റെ വിജയം മനുഷ്യരെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ കാരണമാണ്. നിങ്ങൾ തന്ന പ്രോത്സാഹനത്തിന് എത്ര നന്ദി പറഞ്ഞാലും അത് കുറഞ്ഞ് പോകും.” ടിനി ടോം പറഞ്ഞു.

ജീവിതത്തിൽ പരാജയപ്പെട്ടുപോയവരാണ് തനിക്കെതിരെ ട്രോളുകൾ ഇറക്കുന്നതെന്ന് ടിനി ടോം പറഞ്ഞതായി ഇന്ന് രാവിലെ വാർത്ത വന്നിരുന്നു. അതിലും ടിനി ടോം പ്രതികരിച്ചു. മോശം കമന്റുകൾക്കെതിരെ താൻ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ട്രോളന്മാർക്കെതിരെ എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ടിനി ടോം പറഞ്ഞു. “ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാന്‍. മോശം കമന്റുകള്‍ ചെയ്യുന്ന ആളുകളെക്കുറിച്ചായിരുന്നു എന്റെ പരാമര്‍ശം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ ട്രോളുന്നുണ്ടെങ്കില്‍ എന്നെയും ട്രോള്‍ ചെയ്യാം. എനിക്ക് ട്രോള്‍ ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അവസരമുണ്ട് അവകാശമുണ്ട്.”

“ഞാന്‍ എന്റെ ജീവിതത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. പീഡനക്കേസിലോ മയക്കുമരുന്നു കേസിലോ ഉള്‍പ്പെട്ടിട്ടില്ല. ഞാന്‍ മറ്റുള്ളവരെ സഹായിക്കാനേ ശ്രമിച്ചിട്ടുള്ളൂ. ട്രോളുന്നതില്‍ എനിക്ക് വിരോധമില്ല. ഞാൻ ആരെയെങ്കിലും സഹായിക്കാനാണ് ശ്രമിക്കുന്നത്. ഞാന്‍ കാരണം ആരെങ്കിലും അരി വാങ്ങിക്കുന്നുവെങ്കില്‍ അത് നല്ല കാര്യമാണ്” അദ്ദേഹം പറഞ്ഞു

AJILI ANNAJOHN :