തുടര്‍ച്ചയായ സിനിമകള്‍ പരാജയപ്പെട്ടു; നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ച സാഹചര്യത്തില്‍ തന്റെ അടുത്ത സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് അറിയിച്ച് നടന്‍ രവി തേജ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ രവി തേജ. ഇപ്പോഴിതാ സിനിമകള്‍ സാമ്പത്തിക പരാജയം നേരിടുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്് രവി തേജ. തന്റെ അടുത്ത സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍.

തുടര്‍ച്ചയായ സിനിമകളുടെ പരാജയം മൂലം നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ച സാഹചര്യത്തിലാണ് രവി തേജയുടെ തീരുമാനം.നടന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിന് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

താന്‍ നായകനായെത്തിയ ചിത്രം വന്‍ ബാധ്യത വരുത്തിവെച്ചത് മൂലം സുധാകര്‍ നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് താരം വാഗ്ദാനം ചെയ്യുകയായിരുന്നു. ശരത് മാണ്ഡവയാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ സംവിധാനം ചെയ്തത്.

‘ടൈഗര്‍ നാഗേശ്വര റാവു’ ആണ് രവി തേജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായ ടൈഗര്‍ നാഗേശ്വര റാവുവിന്റെ ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൈഗര്‍ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

Vijayasree Vijayasree :