അവൾ ലെസ്ബിയൻ ആണെന്നും, അവൻ ഗേ ആണെന്നും എന്തോ വലിയ കണ്ടുപിടുത്തം പോലെ അവർ എഴുതി വിടുന്നു.. ഇതെല്ലാമെഴുതിയ ശേഷം ഓരോ ‘മഞ്ഞ ലേഖകനും’ കയറി ചെല്ലുന്നത് സ്വന്തം വീട്ടിലേക്കാണ്, അവനാസ്വദിക്കുന്ന സ്വകാര്യനിമിഷങ്ങൾ നഷ്ടപ്പെട്ട കുറെപ്പേർ ആ സമയത്ത് സ്വന്തം അച്ഛനും അമ്മയ്ക്കും മുന്നിൽ തലകുനിച്ചു നിൽക്കുകയാവും; വൈറൽ കുറിപ്പ് വായിക്കാം

മലയാളികള്‍ക്കിടയിൽ എല്ലായിപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഗായികയാണ് രഞ്ജി ജോസ്. ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്ന താരം അധികം പ്രേക്ഷക കമെന്റുകൾ ശ്രദ്ധിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്നത് നേർ വിപരീതമായിരുന്നു.

തന്നേയും രഞ്ജിനി ഹരിദാസിനേയും കുറിച്ചുള്ള വാര്‍ത്തയ്‌ക്കെതിരെ മോശം തലക്കെട്ട് നൽകിയ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് രഞ്ജിനി എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിച്ച മോശം കമന്‍റുകളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരും തുറന്ന് പറഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ടുകളായി ഇരുവരും സുഹൃത്തുക്കളാണ്. ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്‍റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളെ വളച്ചൊടിച്ച് ഇവർ ലെസ്ബിയൻസ് ആണ് എന്ന തലക്കെട്ടോടെ പല ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ രഞ്ജിനി ജോസ് പ്രതികരിക്കേണ്ടി വന്ന വിഷയത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലായി മാറുകയാണ്. ദീപ സൈറയുടെ കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘രഞ്ജിനി പറയേണ്ടത് കൃത്യമായി പറഞ്ഞു… ഓരോ തവണയും രഞ്ജിനിയെ പറ്റി മഞ്ഞ ഓൺലൈൻ മീഡിയ എഴുതിവിടുന്നത് കാണുമ്പോഴും വേദന തോന്നിയിരുന്നു.. സ്വന്തം കഴിവ് കൊണ്ട്, ഒരുപാട് അധ്വാനിച്ചാണ് ഓരോ മനുഷ്യനും സെലിബ്രിറ്റി എന്ന പദത്തിന് അർഹരാവുന്നത്…’

‘പെണ്ണാവട്ടെ, ആണാവട്ടെ, ആ നിലയിലേക്കെത്തിക്കഴിഞ്ഞാൽ പിന്നെ മഞ്ഞപത്രങ്ങളുടെയും ചില യുട്യൂബ് ചാനലുകളുടെയും നോട്ടപ്പുള്ളിയായി എന്നാണ് അർത്ഥം ഇപ്പോൾ!! അവരുടെ കുടുംബം മുതൽ ജോലിസ്ഥലം വരെയുള്ള സ്വകാര്യത നഷ്ടപ്പെടുന്നു എന്നാണ് പിന്നീടുള്ള അവസ്ഥ!! ഇവള് പോക്കാണെന്നും, അവൻ womenizer ആണെന്നും അതോടെ ഒരു ശതമാനം ജനം വിധിയെഴുതുന്നു!! അവൾ ലെസ്ബിയൻ ആണെന്നും, അവൻ ഗേ ആണെന്നും എന്തോ വലിയ കണ്ടുപിടുത്തം പോലെ അവർ എഴുതി വിടുന്നു.. അവനു ആ നടിയുമായി ബന്ധമെന്നും, ലിവിങ് ടുഗെതർ ആണെന്നും അവൻ പോലുമറിയാതെ നാട്ടിൽ പാട്ടാകുന്നു.. അവളുടെ വിവാഹവും വിവാഹമോചനവും അതിന്റെ കാരണങ്ങളും അവളെക്കാൾ മുൻപേ ലോകമറിയുന്നു.’

‘ഇതെല്ലാമെഴുതിയ ശേഷം ഓരോ ‘മഞ്ഞ ലേഖകനും’ കയറി ചെല്ലുന്നത് സ്വന്തം വീട്ടിലേക്കാണ്… ക്യാമറക്കണ്ണുകൾ ഇല്ലാത്ത സ്വന്തം മുറിയിൽ സ്വസ്ഥമായി കുടുംബത്തോടൊപ്പം അവർ സമയം നീക്കുന്നു… അവനാസ്വദിക്കുന്ന ഈ സ്വകാര്യനിമിഷങ്ങൾ ഒന്നോടെ നഷ്ടപ്പെട്ട കുറെപ്പേർ ആ സമയത്ത് സ്വന്തം അച്ഛനും അമ്മയ്ക്കും മുന്നിൽ തലകുനിച്ചു നിൽക്കുകയാവും. വീട്ടിലേക്ക് കയറുന്ന വഴിയിൽ കൂട്ടം കൂടിനിൽക്കുന്ന നാട്ടുകാരുടെ പരിഹാസചിരിയിൽ ഉരുകിത്തീരുകയാവും!!’

‘എന്താണ് അവർ ചെയ്യുന്ന തെറ്റ്? അവരുടെ കഴിവ് കൊണ്ട് നമ്മളെക്കാൾ ഒരു പടി ഉയരത്തിൽ എത്തിയതോ? മീഡിയയിൽ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്നതോ?നമ്മളെപ്പോലെ അവനവന് ഇഷ്ടമുള്ള ജീവിതം അവരും ജീവിക്കുന്നതോ? നിയമം വരണം… ഒരാളുടെ ജീവിതത്തെയും സ്വകാര്യതയെയും അപമാനിക്കുന്ന തെറ്റായ വാർത്തകൾ നൽകുന്നതിനെതിരെ നിയമം ശക്‌തമാക്കണം… അത്യാവശ്യമാണ്…’

Noora T Noora T :