നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി മാറിയേക്കില്ലെന്ന് വിവരം, സിബിഐ കോടതി മൂന്നില്‍ തുടരാന്‍ സാധ്യത

നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി മാറിയേക്കില്ലെന്ന് വിവരം. കേസിന്റെ തുടര്‍വാദം സിബിഐ കോടതി മൂന്നില്‍ തുടരാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ കോടതിയിലേയ്ക്ക് മാറ്റിയതെന്നിരിക്കെ വിചാരണ സിബിഐ കോടതിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

2019 ഫെബ്രുവരി 25ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ നിന്ന് സിബിഐ മൂന്നാം കോടതിയിലേക്ക് നടിയെ ആക്രമിച്ച കേസ് മാറ്റുന്നത്. അതിജീവിത നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു നടപടി. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി പകരം കെ കെ ബാലകൃഷ്ണനെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്.

ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ കോടതിയില്‍ നിന്ന് മാറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സിബിഐ കോടതിയില്‍ നിന്ന് കേസ് മാറില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ മറ്റ് അഡ്മിനിസ്‌ട്രേഷണല്‍ ഉത്തരവുകള്‍ക്ക് സാധിക്കില്ലെന്നതാണ് കാരണം.

അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ കോടതി മൂന്നിലേക്ക് മാറ്റിയതെന്നിരിക്കെ, ജഡ്ജി മാറിയാലും ഈ കോടതിയില്‍ തന്നെ കേസിന്റെ തുടര്‍വിചാരണ നടക്കാനാണ് സാധ്യത. അല്ലെങ്കില്‍ ഒരു ഹൈക്കോടതി ഉത്തരവിലൂടെ മാത്രമേ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ.

Vijayasree Vijayasree :