അറിവിന്റെ ശബ്ദം ഉയര്‍ന്നുകേട്ടാല്‍ മാത്രം മതി; യഥാര്‍ത്ഥ അവകാശിയാര് എന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുറിപ്പുമായി ഗായിക ധീ

കഴിഞ്ഞ വര്‍ഷം ഇന്ത്യ കടന്നും ഏറെ വൈറലായ ഗാനമായിരുന്നു എന്‍ജോയ് എഞ്ചാമി. ഇപ്പോള്‍ വിവാദങ്ങളിലൂടെ ഈ ഗാനം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഗാനത്തിന്റെ യഥാര്‍ത്ഥ അവകാശിയാര് എന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ഗാനം ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗായിക ധീ.

തങ്ങള്‍ മൂവരും ഒരുപോലെ ആ പാട്ടിന് അവകാശികളാണെന്ന് ധീ അഭിപ്രായപ്പെട്ടു. ഗാനരചയിതാവ്, ഗായകന്‍ എന്ന നിലയില്‍ അറിവിനും സംഗീത സംവിധായകന്‍, നിര്‍മാതാവ് എന്ന രീതിയില്‍ സന്തോഷ് നാരായണനും താന്‍ ക്രെഡിറ്റ് നല്‍കുമെന്നും അവര്‍ പറഞ്ഞു. കിട്ടുന്ന എല്ലാ വേളകളിലും ഇവര്‍ രണ്ടുപേരേക്കുറിച്ചും, പ്രത്യേകിച്ച് അറിവിനേക്കുറിച്ച് അഭിമാനത്തോടെ താന്‍ പറയാറുണ്ട്.

ഒരിക്കല്‍പ്പോലും എന്‍ജോയ് എഞ്ചാമിയിലെ ഇവര്‍ രണ്ടുപേര്‍ക്കുമുള്ള പ്രാധാന്യം കുറച്ചുകാണിക്കുകയോ ഗൗരവം കുറച്ചുകാണിക്കുകയോ ചെയ്തിട്ടില്ലെന്നും ധീ കുറിപ്പില്‍ പറയുന്നു. മാത്രമല്ല, തനിക്ക് അറിവിന്റെ ശബ്ദം ഉയര്‍ന്നുകേട്ടാല്‍ മാത്രം മതിയെന്നും ധീ കുറിപ്പില്‍ പറയുന്നു. പാട്ടിന് കിട്ടുന്ന എല്ലാ വരുമാനവും ഉടമസ്ഥാവകാശവും തങ്ങള്‍ മൂന്നുപേര്‍ക്കും തുല്യമാണെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചെന്നൈയില്‍ കഴിഞ്ഞയാഴ്ച തുടങ്ങിയ ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായി ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും ‘എന്‍ജോയ് എഞ്ചാമി’ പ്രകടമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഗായകനായ അറിവ് ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു.

എന്‍ജോയ് എഞ്ചാമിയുടെ രചനയില്‍ തന്നെയാരും സഹായിച്ചില്ലെന്ന് അറിവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് മറുപടിയെന്നോണം താനാണ് ഗാനത്തിന്റെ സംഗീതസംവിധായകനും നിര്‍മാതാവും എന്നുപറഞ്ഞ് സന്തോഷ് നാരായണന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ധീയുടെ പോസ്റ്റും.

Vijayasree Vijayasree :