മുണ്ട് അഴിഞ്ഞ് പോയാലും ജുബ്ബയുണ്ടാകുമല്ലോ; ജുബ്ബ സ്ഥിരമാക്കാനുള്ള കാരണം ചോദിച്ചപ്പോൾ ജയറാമിന്റെ മുണ്ട് അഴിച്ചുകൊണ്ടുപോയ കഥ പറഞ്ഞ് ഇന്നസെന്റ് ;പ്രമുഖരായവരെല്ലാം ഈ രീതി അനുകരിക്കുന്നത് നന്നാവും എന്നും താരം!

മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് ആയി പ്രശസ്തനായ നടനാണ് ഇന്നസെന്‍റ്. ഹാസ്യം മാത്രമല്ല വില്ലൻ ആകാനും സഹ നടനാകാനുമെല്ലാം നടന് സാധിക്കും. തുടർന്ന് രാഷ്രീയത്തിലും നടൻ കസറി. എന്നാൽ രാഷ്രീയത്തിലൊക്കെ എത്തും മുന്നേ ജുബ്ബയും മുണ്ടും ധരിച്ച ഇന്നസെന്റ് തനി രാഷ്രീയ ലുക്കിലാണ് മലയാളികൾക്ക് മുന്നിൽ എത്താറുള്ളത്.

ഇന്നസെന്റിനെ കാണുന്ന കാലം മുതൽ അദ്ദേഹം എപ്പോഴും ധരിച്ച് കാണുന്നത് സ്വർണ നിറത്തിലുള്ള ജുബ്ബയും മുണ്ടുമാണ്. പലരും എന്തുകൊണ്ടാണ് ഈ വേഷം ധരിക്കുന്നതെന്ന് ചോദിച്ചിട്ടുമുണ്ട്. അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നർമ്മം നിറഞ്ഞ കഥയിലൂടെ ഇന്നസെന്റ് ഇപ്പോൾ.

‘ഒരിക്കൽ ജയറാം പെരുമ്പാവൂരിൽ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തി. അന്നത്തെ തിക്കിലും തിരക്കിലും ആരോ ജയറാമിന്റെ മുണ്ട് അഴിച്ചുകൊണ്ടുപോയി. അന്ന് ജുബ്ബയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.’

‘അതുകൊണ്ട് വലിയ നാണക്കേട് സംഭവിച്ചില്ല. അതിന് ശേഷം എനിക്കും തോന്നി ഇറക്കത്തിലുള്ള ജുബ്ബ എപ്പോഴും നല്ലതാണെന്ന്. മുണ്ട് അഴിഞ്ഞ് പോയാലും ജുബ്ബയുണ്ടാകുമല്ലോ. പ്രമുഖരായവരെല്ലാം ഈ രീതി അനുകരിക്കുന്നത് നന്നാവും’ ഇന്നസെന്റ് പറഞ്ഞു.

1948 ഫെബ്രുവരി 28ന് തെക്കേത്തല വറീതിന്‍റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസെന്‍റ് സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുകയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയും ചെയ്തിരുന്നു തുടക്കകാലത്ത്.

ഇതിനിടെ നെല്ല് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്തു. ഇടയില്‍ ടൈഫോയിഡ് ബാധിച്ച താരം സിനിമയോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞ് ബിസിനസിലേക്ക് ഇറങ്ങി. അക്കാലത്ത് ഏതാനും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.

സഹോദരങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ച്‌ ഡോക്ടര്‍, വക്കീല്‍, ജഡ്ജ് എന്നിങ്ങനെ വിവിധ കരിയറുകള്‍ തെരഞ്ഞെടുത്തപ്പോള്‍ പഠനത്തില്‍ പിന്നോക്കമായിരുന്നു ഇന്നസെന്‍റ്. ഇക്കാര്യത്തെ ചൊല്ലി പിതാവ് വറീതുമായി ചില അഭിപ്രായ വ്യത്യാസങ്ങളും ആദ്യകാലത്തുണ്ടായിരുന്നു.

തുടര്‍ന്ന് 1970കളില്‍ ഇന്നസെന്‍റ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും അക്കാലത്ത് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ മോഹന്‍ മുഖേനയാണ് പിന്നീട് ഇന്നസെന്‍റ് സിനിമാമേഖലയിലേക്ക് എത്തിപ്പെടുന്നത്.

1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്‍റിന്‍റെ ആദ്യചിത്രം. ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം സീരിയസ് കഥാപാത്രങ്ങളും മികവോടെ അവതരിപ്പിച്ച് തുടങ്ങിയതോടെ മലയാള സിനിമയുടെ​ അവിഭാജ്യ ഘടകമായി ഇന്നസെന്‍റ് മാറുകയായിരുന്നു.

500ല്‍ ഏറെ മലയാള സിനിമകളില്‍ ഇതിനകം ഈ നടന്‍ അഭിനയിച്ച് കഴിഞ്ഞു. മലയാള ചലച്ചിത്ര അഭിനേതാക്കളായ അമ്മ സംഘടനയുടെ പ്രസിഡന്‍റ് ആയി 12 വര്‍ഷത്തോളമാണ് ഇന്നസെന്‍റ് സേവനം അനുഷ്ഠിച്ചത്.

about innocent

Safana Safu :