മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും.; ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, നഷ്ടപ്പെടുത്താനും , സ്വന്തമാക്കാനും കഴിയാത്തവ; ‘ക്ലാരയും ജയകൃഷ്ണനും’ 35 വർഷങ്ങൾ പിന്നിടുമ്പോൾ!

പ്രണയകാവ്യം പോലെ പത്മരാജന്റെ തൂലികയിൽ നിന്നും ഒഴുകിയെത്തിയ തിരക്കഥ അഭ്രകാവ്യമായപ്പോൾ മലയാളത്തിന് തൂവാനത്തുമ്പികൾ എന്ന എക്കാലത്തേക്കും ഓമനിക്കാനുള്ള ഒരു നനുത്ത പ്രണയമാണ് പ്രേക്ഷകനിലേക്ക് എത്തിയത് . കാലഘട്ടങ്ങൾ എത്ര കഴിഞ്ഞിട്ടും ഇന്നും തൂവാനത്തുമ്പികളും ക്ലാരയും ജയകൃഷ്ണനും മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മുപ്പത്തിയഞ്ചു വർഷം പിന്നിടുമ്പോഴും അന്ന് പെയ്ത മഴ തോർന്നിട്ടില്ല…. ഇനിയും പെയ്തുകൊണ്ടേയിരിക്കും.

തലമുറകൾ എത്ര പിന്നിട്ടാലും ക്ലാര എന്നും മലയാളിക്ക് തന്റെ പ്രണയസങ്കല്പമായി തന്നെ നിറം മങ്ങാതെ നിൽക്കുന്നു. കാരണം പ്രണയം എല്ലായിപ്പോഴും വ്യത്യസ്തമാണ്.. അതിന് എല്ലായിപ്പോഴും ഒരു പുതുമയുമുണ്ടാകും. സിനിമയിൽ പ്രണയത്തിനൊപ്പം രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്.

എന്നാൽ, അവസാനിക്കാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തിയാണ് ഒരു റെയിൽവേ സ്റ്റേഷനിൽ അതവസാനിക്കുന്നത്.ആ ചോദ്യം ഇതായിരിക്കും.. ജയകൃഷ്ണനെ ക്ലാര നിരസിച്ചതെന്തിന്? ഇതിനോടകം ഞാനുൾപ്പടെ നിങ്ങളുൾപ്പടെ ഒരുപാടുപേരുടെ ആ ചോദ്യം, ആ ചോദ്യത്തിന് എവിടെയോ ഒരു മരുപടി അശ്വതി പ്രശാന്ത് എന്ന ആൻ ഇൻകംപ്ലീറ്റ് പോയെട്രി എന്ന ഇൻസ്റ്റ അക്കൊണ്ടിൽ നിന്നും കിട്ടിയത് പോലെ തോന്നി…

Dear മദർ സുപ്പീരിയർ,
ഉത്തരം കിട്ടാത്ത ഒരു നൂറ്ചോദ്യങ്ങൾ കൻട്രാക്കിന്റെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് നമ്മൾ അവസാനമായി കണ്ടുപിരിഞ്ഞത്. അതിനൊക്കെയുള്ള ഉത്തരങ്ങൾ അനുഭവങ്ങളിലൂടെ ഇതിനോടകം ലഭിച്ചിരിക്കും എന്നെനിക്കുറപ്പുണ്ട് . എന്റെ തീരുമാനത്തിന്റെ ആഴവും, വ്യാപ്തിയും, അതിന് നമ്മുടെ രണ്ടുപേരുടെ ജീവിതത്തിലുമുള്ള പ്രാധാന്യവും ഇന്ന് കൻട്രാക്ക് മനസ്സിലാക്കിയിരിക്കും.

രാധയുമായുള്ള വിവാഹം കഴിഞ്ഞെന്നറിഞ്ഞു. ഞാൻ പറയാറില്ലേ, ആദ്യമായിട്ട് മോഹംതോന്നുന്ന ആളിനെതന്നെ ജീവിതംമുഴുവൻ കിട്ടുക എന്ന് പറയുന്നത് ഭാഗ്യമുള്ളവർക്കെ സാധിക്കൂ . രാധ നല്ല കുട്ടിയാണ്. നിങ്ങൾക്ക് അവളോടുള്ള പ്രണയവും, അവൾക്ക് നിങ്ങളോടുള്ള വിശ്വാസവുമാണ് നിങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പ്, അത് ഒരിക്കലും നഷ്ടപ്പെടുത്തരുത്.

എനിക്ക് ലഭിക്കാതെപോയ സ്വാതന്ത്രത്തിലേക്കും, സാധിക്കാതെപോയ ആഗ്രഹങ്ങളിലേക്കുമുള്ള ടിക്കറ്റായിരുന്നു മദർ സുപ്പീരിയറിന്റെ ആ കത്ത്, അതെനിക്ക് സമ്മാനിച്ച നിങ്ങൾക്കുള്ള എന്റെ സമ്മാനമാണ് ഈ പുതിയജീവിതം.

ഞാൻ മറ്റെന്തിനേക്കാളും വിലമതിക്കുന്നത് സ്വാതന്ത്രമാണ്. നമ്മൾ ആദ്യമായി അടുത്തറിഞ്ഞ ദിവസം ഒന്നും പറയാതെ ഞാൻ ഇറങ്ങിപ്പോയതും അതുകൊണ്ടാണ്. നിങ്ങളുടെ വിവാഹവാഗ്ദാനം എന്റെ സ്വാതന്ത്രത്തിനുമേലുള്ള വിലങ്ങായി മാറുമെന്ന് ഞാൻ ഭയന്നിരുന്നു. അതിലുപരി ഒരു കുറ്റബോധത്തിന്റെ നിഴയിൽ ഉടലെടുത്ത അപക്വമായ തീരുമാനത്തിന്പുറത്ത് നിങ്ങളെ സ്വന്തമാക്കാൻ ഞാൻ തയ്യാറായിരുന്നില്ല. നിങ്ങളുടെ വികാരളുടെ പ്രക്ഷുബ്ധ പാത്രമാവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

എന്തായാലും നശിക്കും, ആശതീർന്നാ മരിക്കണം.
കാണാത്തലോകങ്ങളിലേക്ക് സഞ്ചരിക്കണം, പുതിയ മനുഷ്യരെ അറിയണം, ജീവിതം ആസ്വദിക്കണം എന്നുമാത്രമായിരുന്നു കുറച്ചുനാൾ മുൻപ്‌വരെയുള്ള എന്റെ ലക്ഷ്യം. എന്നാൽ ഇന്ന് എന്റെ ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കുമെല്ലാം ഒരു പുതുരൂപം കൈവന്നിട്ടുണ്ട് : എന്റെ കുഞ്ഞിനും അദ്ദേഹത്തിനും ഒപ്പം . ഞാൻ ഇവിടെ സന്തുഷ്ടയാണ്. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിലും ഞാൻ അഭിമാനിക്കുന്നു.

മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉള്ളത്കൊണ്ട് ചിലപ്പോഴൊക്കെ ഞാൻ നിങ്ങളെ ഓർക്കാറുണ്ട്.
ഒരു പ്രണയത്തിന്റെയും നിറം നൽകാത്ത നമ്മുടെ ആത്മബന്ധത്തെ അതിന്റെ പുതുമയോടും, ദൃഢതയോടും എന്നും മനസ്സിൽ സൂക്ഷിക്കുന്നു. മണ്ണാർത്തൊടിയിൽ രാധയോടും കുഞ്ഞുങ്ങളോടുമൊപ്പം സന്തോഷമായി ജീവിക്കുന്ന നിങ്ങളെ മനസ്സുകൊണ്ട് ഞാൻ കാണുന്നു

പല മുഖങ്ങൾ ജീവിതത്തിൽ കടന്നു വന്നപ്പോഴും ഈ മുഖം മറക്കരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ശരീരത്തിനും, ഇന്ദ്രിയങ്ങൾക്കും അപ്പുറം നമ്മെ പരസ്പരം ബന്ധിക്കുന്ന ആ മഴ നനയാൻ കൊതിക്കാറുണ്ട്. അവസാനമായി കണ്ടപ്പോൾ കണ്ണുകളിലൂടെ കൈമാറിയ വാക്കുകളിലെ നഷ്ടപ്പെടലിന്റെ വേദനയും, സ്നേഹത്തിന്റെ തിരിച്ചുവിളികളും ഇനി കേൾക്കില്ലെന്നറിയാം. അതിനാൽ മൗനത്തിൽ പരസ്പരം സംസാരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് ഇനിയൊരിക്കലും പരസ്പരം കാണാൻ ഇടവരാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന.

ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, നഷ്ടപ്പെടുത്താനും , സ്വന്തമാക്കാനും കഴിയാത്തവ. പരസ്പരം എല്ലാമെല്ലാം ആയിരുന്നിട്ടും അപരിചിതരായി പിരിയാൻ തീരുമാനിക്കപ്പെട്ട നമ്മുടെത്പോലെ. കത്ത് ലഭിക്കുന്ന അഡ്രസ്സിൽ എന്നെ തിരയണ്ട, നിങ്ങൾക്കെന്നെ കണ്ടെത്താൻ കഴിയില്ല. ഒരു കണ്ടുമുട്ടൽ ഞാൻ ആഗ്രഹിക്കുന്നുമില്ല.

ഇന്നും ഞാൻ സ്വതന്ത്രയാണ്, ആശക്കൊത്ത് ജീവിക്കുന്നവൾ.നിങ്ങളുടെ അത്രയും പ്രിയപ്പെട്ട നഷ്ടമായി തുടരാനാണ് എനിക്കിഷ്ടം, കൈയ്യെത്തി പിടിക്കാനാവാത്ത അഭിനിവേശമായി നിലനിൽക്കാൻ. ഭ്രാന്തന്റെ കാലിലെ ചങ്ങലയുടെ ഒറ്റക്കണ്ണിയോട് മാത്രം ബന്ധമുള്ള ആ ഉണങ്ങാത്ത മുറിവായ്‌ തുടരാൻ സസ്നേഹം ക്ലാര ഇങ്ങനെ അവസാനിക്കുന്നു ആ വരികൾ. പ്രണയം മഴയായി പെയ്തിറങ്ങിയപ്പോൾ ജയകൃഷ്ണനും ക്ലാരയും നനുത്ത ഓർമ്മകളായി നിങ്ങള്കക്കിടയിൽ….

about thoovanathumbikal

Safana Safu :