മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം. അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകളും; ഫഹദിന്റെ മലയന്‍കുഞ്ഞിനെ പ്രശംസിച്ച് മാരി സെല്‍വരാജ്

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലിന്റേതായി തിയറ്ററുകളിലെത്തിയ മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ഇപ്പോഴിതാ തമിഴ് സിനിമാ മേഖലയില്‍ നിന്ന് ഒരു പ്രമുഖ സംവിധായകന്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവര്‍ന്ന മാരി സെല്‍വരാജ് ആണ് ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

പല നിലകളിലും വെളിപ്പെടുത്തല്‍ സ്വഭാവമുള്ള സിനിമയാണ് മലയന്‍കുഞ്ഞ്. അതിന്റെ സെന്‍സിറ്റീവ് ആയ കഥ മുതല്‍ ഫഹദ് സാറിന്റെ ഗംഭീര പ്രകടനവും എ ആര്‍ റഹ്മാന്‍ സാറിന്റെ വേട്ടയാടുന്ന തരത്തിലുള്ള സംഗീതവും റിയലിസ്റ്റിക് മേക്കിംഗും ഒക്കെ.. മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ മാത്രമാണ് അത് സാധിക്കുക.

മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം. അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകളും, മാരി സെല്‍വരാജ് കുറിച്ചു. അതേസമയം ഫഹദിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെല്‍വരാജ് ആണ്. മാമന്നന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Vijayasree Vijayasree :