പാട്ട്… അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത് നെഞ്ചില്‍ തട്ടി തെറിച്ച് വരേണ്ടതാണ്; നഞ്ചിയമ്മയുടെ സം​ഗീതം മനുഷ്യരായിട്ടുള്ളവർ അം​ഗീകരിച്ചു; സച്ചിയുടെ ഭാര്യയുടെ വാക്കുകൾ!

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം മലയാള സിനിമയിൽ അഭിമാന നേട്ടമാണ് കൊണ്ടുവന്നത്. പതിനഞ്ചോളം പുരസ്കാരങ്ങൾ മലയാളത്തിന് മാത്രമായി ലഭിച്ചു. അക്കൂട്ടത്തിൽ അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

മിക‌ച്ച പിന്നണി ​ഗായികയ്ക്കുള്ള പുരസ്കാരം അയ്യപ്പനും കോശിയിൽ ​ഗാനം ആലപിച്ച നഞ്ചിയമ്മയ്ക്കാണ് ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിന് പിന്നാലെ ചില വിവാദങ്ങളും പൊട്ടിപുറപ്പെട്ടിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്ന് സം​ഗീത രം​ഗത്ത് പ്രവർത്തിക്കുന്ന ലിനു ലാല്‍ പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്. ശേഷം നിരവധി പേർ നഞ്ചിയമ്മയെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു.

നഞ്ചിയമ്മയെ ചേര്‍ത്ത് പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ​ഗായിക സിതാര കൃഷ്ണകുമാർ കുറിച്ചത് ഇങ്ങനെയാണ്..ഈ അവാര്‍ഡ് ഒരു തെളിച്ചമാണ്. പാട്ട്… അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത് നെഞ്ചില്‍ തട്ടി തെറിച്ച് വരേണ്ടതാണ്… എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കില്‍ തന്നെ വന്നുകൊള്ളും എന്നാണ്.

ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതില്‍ അതിയായ സന്തോഷം എന്നാണ് സുജാത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോൾ അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകൻ സച്ചിയുടെ ഭാര്യ സിജി വിവാദത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിജി വിവാദ വിഷയത്തിൽ പ്രതികരിച്ചത്.

സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. പുരസ്കാരം പ്രഖ്യാപിച്ച ശേഷം സച്ചിയെ അറിയാവുന്ന നിരവധി പേർ അഭിനന്ദനം അറിയിക്കാനും സന്തോഷം അറിയിക്കാനും വിളിച്ചിരുന്നു. ഈ സന്തോഷം അനുഭവിക്കാൻ സച്ചിയില്ലല്ലോയെന്ന് ഓർക്കുമ്പോൾ വിളിച്ച പലരും കരയുകയായിരുന്നു. സച്ചിയുണ്ടായിരുന്നെങ്കിൽ ഇവിടെ ഉത്സവമായിരുന്നേനെ. എല്ലാവർക്കും സച്ചിയെ കുറിച്ച് അഭിമാനമാണ്.

സച്ചി ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ സച്ചിക്ക് കിട്ടിയ അവാർഡിനേക്കാൾ അദ്ദേഹത്തെ സന്തോഷിപ്പിക്കുക നഞ്ചിയമ്മയ്ക്ക് കിട്ടിയ പുരസ്കാരമായിരിക്കും. നഞ്ചിയമ്മയുടെ പാട്ട് ഹൃദയത്തിന്റെ താളമാണ്. അത് കരള് പൊടിഞ്ഞ് പോകുന്നപോലെയാണ് കേൾക്കുമ്പോൾ. നിഷ്കളങ്കമായ ഹൃദയത്തിൽ നിന്ന് വരുന്ന സം​ഗീതമാണ് നഞ്ചിയമ്മയുടേത്.

ആ ഒരു സം​ഗീതം മനുഷ്യരായിട്ടുള്ള എല്ലാവരും അം​ഗീകരിച്ചു. ഭാഷയുടെ അതിർവരമ്പില്ലാതെ ആ ​ഗാനം ലോകം മുഴുവൻ കേട്ടു. നഞ്ചിയമ്മയ്ക്ക് കിട്ടിയത് അർഹതപ്പെട്ട അം​ഗീകാരമാണ്. മാത്രമല്ല ഇതൊരു ചരിത്ര സംഭവം കൂടിയാണ്. നഞ്ചിയമ്മയുടെ ​ഗോത്രവർ​ഗത്തിന്റെ സം​ഗീതം ലോകം മുഴുവൻ അയ്യപ്പനും കോശിയിലൂടെ കേട്ടു എന്നും സിജി പറഞ്ഞു.

അതേസമയം, അട്ടപ്പാടിയെ വെളിച്ചം കാണിച്ചത് സച്ചിയെന്ന വലിയ മനുഷ്യനാണെന്നാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ നഞ്ചിയമ്മ പറഞ്ഞത്. ആടുമാടുകളെ മേച്ച് നടന്ന എന്നെ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തത് സച്ചി സാറാണ്. സച്ചി സാറിന് വേണ്ടിയാണ് ഈ അവാർഡ് വാങ്ങുന്നത്. അത് കാണാൻ സച്ചി സാറില്ലല്ലോ എന്ന സങ്കടം മാത്രമെ ഉള്ളൂ. ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട് മക്കളെല്ലാവരും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ട് എന്നും നഞ്ചിയമ്മ പറഞ്ഞു.

about nanjiyamma

Safana Safu :