അന്ന് അവൾക്ക് സംഭവിച്ചത്, ചങ്ക് പറിയുന്ന അനുഭവം! നിയമം പോലും നോക്കുന്നത്.. അവളുടെ നെഞ്ചിൽ പൊളിച്ചടുക്കി ജോസഫ് അന്നംക്കുട്ടി ജോസ്

ബോംബെ ഹൈക്കോടതിയുടെ ഒരു പ്രസ്താവന അടുത്തിടെ ഏറെ വിവാദമായിരുന്നു. വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ കുറ്റമല്ലെന്നായിരുന്നു പ്രസ്താവന. ഇത് രാജ്യം മുഴുവന്‍ വിമര്‍ശനത്തിന് വഴി വെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോസഫ് അന്നംക്കുട്ടി ജോസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണ രൂപം

മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമാകില്ല’; ബോംബെ ഹൈക്കോടതി!
പണ്ട് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു ടോക്ക് കൊടുക്കുക്കാൻ പോയിരുന്നു, ക്ലാസ്സിന്റെ അവസാനം കുട്ടികൾക്ക് പേഴ്സണലായി എന്നോട് എന്തെങ്കിലും സംസാരിക്കാൻ അവസരമുണ്ടെന്ന് അവരുടെ പ്രധാന അധ്യാപിക കുട്ടികളോടായി പറഞ്ഞു. അന്ന് എന്നോട് സംസാരിച്ച കുട്ടികളിൽ ഒരു പെൺകുട്ടിയെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്, അവൾ പറഞ്ഞ സങ്കടവും.
“സാർ, ഞാൻ ട്യൂഷന് പോകുന്നത് വൈകീട്ടാണ്. ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്ക് പോകുന്നത് ഒരിടവഴിയിലൂടെയാണ്. രണ്ട് വശത്തും റബർ തോട്ടമാണ്. ഒരു ദിവസം ട്യൂഷൻ കഴിയാൻ കുറച്ചു വൈകി, സ്ഥിരം എന്റെ കൂടെ വരുന്ന കൂട്ടുകാരി അന്ന് ഇല്ലായിരുന്നു. ഞാൻ ആ ഇടവഴിയിലെത്തിയപ്പോൾ ഒരു ചേട്ടൻ സ്കൂട്ടറിൽ വന്നിട്ട് എന്നോട് ഒരാളുടെ വീട് എവിടെയാണെന്ന് അറിയുമോ എന്ന് ചോദിച്ചു, ഞാൻ അറിയില്ല എന്ന് പറഞ്ഞിട്ട് വീണ്ടും മുന്നോട്ട് നടന്നു. പക്ഷെ ആ ചേട്ടൻ പിന്നെയും വണ്ടിയോടിച്ച് അടുത്തേക്ക് വന്നിട്ട് അയാളുടെ മുണ്ട് വകഞ് മാറ്റി ‘അത്’ കാണിച്ചുകൊണ്ട് വീണ്ടും അതേ ചോദ്യം ചോദിച്ചു.

ഞാൻ അറിയില്ല എന്ന് പറഞ്ഞുകൊണ്ട് വേഗം ഇടവഴിയിലൂടെ ഓടി വീട്ടിലെത്തി അമ്മയോട് നടന്നതെല്ലാം പറഞ്ഞു. പക്ഷെ അമ്മ അന്ന് പറഞ്ഞത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി, ‘അതേ,ട്യൂഷൻ കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരണം ചുമ്മാ ആടിപ്പാടി വന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും’. എനിക്ക് ഇന്നും ആ സംഭവം ഓർത്ത് പേടിയാണ്.” സ്വന്തം അമ്മ പോലും കൂടെ നിൽക്കാതെ കുറ്റപ്പെടുത്താൻ ശ്രമിച്ച കുട്ടിയോട് എന്ത് പറഞ്ഞിട്ടും ഒരുകാര്യവും ഇല്ല എന്നുറപ്പുള്ളത് കൊണ്ട് അവരുടെ അധ്യാപികയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു,അവിടെ നിന്നിറങ്ങി.


ബൈബിളിൽ വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിന്റെ മുൻപിൽ അവളെ എറിഞ്ഞിട്ട് കൊടുക്കുന്ന ഒരു രംഗമുണ്ട്! വ്യഭിചാരം ഒരിക്കലും ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നല്ലല്ലോ, അപ്പോൾ വ്യഭിചാരത്തിൽ പങ്കെടുത്ത ആ പുരുഷൻ എവിടെപ്പോയി? അന്ന് തുടങ്ങി ഇന്നുവരെ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെത്തന്നെയാണ്. “വടക്കോട്ട് ചൂണ്ടുന്ന ഒരു കോമ്പസ് സൂചി പോലെ, പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരൽ എല്ലായ്പ്പോഴും ഒരു സ്ത്രീയെ കണ്ടെത്തുന്നു. എല്ലായ്പ്പോഴും.” ഇത് ഖാലിദ് ഹോസിനി എന്ന പ്രശസ്തനായ എഴുത്തുകാരന്റെ വാചകമാണ്. ‘പുരുഷന്റെ’ എന്നുള്ളിടത്ത് ‘സമൂഹത്തിന്റെ’ എന്നെഴുതിയാലും തെറ്റില്ല. അടുത്ത ഒരു സ്ത്രീസുഹൃത്ത് പങ്കുവച്ച അനുഭവം ഇങ്ങനെയാണ്, ‘ഞാനൊരു ഫെമിനിച്ചിയാടോ, കുട്ടിക്കാലത്ത് അച്ഛന്റെ കൊളീഗ് എന്നെ റേപ്പ് ചെയ്തിട്ടുണ്ട് അന്ന് തുടയിലൂടെ ഒഴുകിയ ചോരയുമായി ഞാൻ എന്റെ അമ്മയുടെ അടുത്ത് ചെന്ന് കരഞ്ഞിട്ടുണ്ട്, അന്ന് സംഭവിച്ചത് എന്താണെന്ന് തുറന്നുപറയാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു.പിന്നീട് ഒരു സ്ത്രീയായി തല ഉയർത്തി നടക്കാൻ, അനുവാദമില്ലാത്ത സ്പർശനങ്ങളെ അപ്പോൾ തന്നെ എതിർക്കാൻ ധൈര്യം തന്നത് അമ്മയാണ്. ഇന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് കേൾക്കുമ്പോൾ എന്റെ തുടയിൽ ചോര പൊടിയുന്നുണ്ട്. എന്നെ ഫെമിനിച്ചി എന്ന് വിളിക്കുന്നവന്റെ അമ്മയുടെയും, പെങ്ങളുടെയും മക്കളുടെയും തുടയിൽ നിന്ന് ചോര കിനിയാതിരിക്കാൻ മാത്രമാണ് ഞാൻ ഫെമിനിച്ചി ആയതെന്ന് എന്നെങ്കിലും അവർ മനസ്സിലാക്കും’. ഇതിവിടെ പറയാൻ കാരണം, ഈ കോടതി വിധിയുമായി ബന്ധപ്പെട്ട് പല സ്ത്രീകളും പ്രതികരിക്കാൻ ഇടയുണ്ട് അപ്പോൾ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാനാണ്.


“മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ല.ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് എല്ലായ്പ്പോഴും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.”
(source, News 18).
കോടതി വിധിയുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ‘നിർവചനങ്ങൾ’ കേൾക്കുമ്പോൾ ഒരുതരം ഫ്രസ്‌ട്രേഷൻ അനുഭവപ്പെട്ടുന്നുണ്ട്. മാറിടത്തിലേക്ക് മാത്രമായി നിയമങ്ങൾ സ്ത്രീയെ ചുരുക്കുന്ന പോലെയാണത്. അവളുടെ നെഞ്ചിലെ മാംസത്തിന് പുറകിലുള്ള ഹൃദയം, മനസ്സ് അതിനെയൊന്നും കാണാതെപോകുമ്പോൾ, അതിനുള്ളിൽ അവൾ ആഗ്രഹിക്കുന്ന ‘സ്വാതന്ത്ര്യം’ എന്ന വിലപിടിപ്പുള്ള അവകാശത്തെ കാണാതെപോകുമ്പോൾ നിയമം മനുഷ്യന് വേണ്ടിയാണോ അതോ മനുഷ്യൻ നിയമത്തിന് വേണ്ടിയാണോ എന്ന് ചിന്തിച്ചുപോകുന്നു. ഒരാളുടെ അനുവാദമില്ലാത്ത, ആ വ്യക്തിക്ക് ഇഷ്ടമല്ലാത്ത ഏതൊരു സ്പർശനവും വയലേഷൻ (Violation) ആണെന്നും അവയെല്ലാം ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇനി എന്നാണ് മനുഷ്യർ പഠിക്കുക?
‘Sexual assault is Sexual assault, skin or no skin’
നിയമം ഇനി തിരുത്തപ്പെടുമോ ഇല്ലയോ…അറിയില്ല! സംരക്ഷിക്കുമെന്ന് അത്രകണ്ട് ഉറപ്പില്ലാത്ത ഒരു നിയമത്തിന് മുന്നിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറയുന്നപോലെ ‘സ്വന്തം വീട്ടിൽ നിന്ന് തുടങ്ങാം’.Child Abuse കേസുകളിൽ ഭൂരിഭാഗവും കുട്ടികളുടെ അടുത്ത ബന്ധുക്കളിൽ നിന്നോ, അയല്പക്കങ്ങളിൽ നിന്നോ അല്ലെങ്കിൽ അവരുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ആളുകളിൽ നിന്നുമാണ് എന്ന സത്യം ഞെട്ടിക്കുന്നതാണ്. ഏതൊരു കുട്ടിയുടെയും പ്രഥമ അധ്യാപകർ മാതാപിതാക്കളാണ്.Sex Education ഇനി എന്നാണ് നമ്മുടെ വിദ്യാഭ്യാസ സംബ്രദായത്തിന്റെ ഭാഗമാക്കുക എന്ന് അറിയില്ല പക്ഷെ കുട്ടികളുടെ പ്രഥമ അധ്യാപകർ എന്ന നിലയിൽ നല്ല സ്പർശനത്തെക്കുറിച്ചും, മോശം സ്പർശനത്തെക്കുറിച്ചും മാതാപിതാക്കൾക്ക് അവരെ പഠിപ്പിക്കാവുന്നതേ ഒള്ളു. ഈ ഭൂമിയിലെ ജീവിതത്തിൽ ഏറ്റവും വിലപിടിച്ചത് സ്വാതന്ത്ര്യമാണെന്നും, ഒരാൾ നല്ലൊരു സാമൂഹികജീവിയാകുന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ അവനവന്റെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുമ്പോഴാണെന്നും പറഞ്ഞുകൊടുക്കാം. ഒരു കാര്യം എപ്പോഴും ഓർക്കുന്നത് നല്ലതാണ്, ‘It is easier to build strong children than to repair broken adults’.
Child Abuse കേസുകൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത് , ഏതൊരു അച്ഛനും അമ്മയ്ക്കും മക്കളോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ‘ഒരു മടിയും കൂടാതെ എന്തും തുറന്ന് പറയാനുള്ള ഒരു സാഹചര്യവും സ്വാതന്ത്ര്യവും വീട്ടിൽ സൃഷ്ടിക്കുക എന്നതാണ്.ചെയ്തുപോയ തെറ്റ് സത്യസന്ധമായി ഏറ്റ് പറഞ്ഞാൽ ക്ഷമിക്കുന്ന,സ്നേഹത്തോടെ തിരുത്തുന്ന ഒരിടമാണ് വീടെന്നുള്ള ഉറപ്പ് കുട്ടിക്കാലത്തെ ലഭിക്കണം. ഈ വരികൾ കണ്ണുംപൂട്ടി എഴുതിയതല്ല, സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് സ്വാഭാവികമായി വിരൽത്തുമ്പിലേക്ക് വന്നതാണ്. തെറ്റുകൾ ചെയ്തിട്ടില്ല എന്ന അവകാശവാദമൊന്നുമില്ല, കൂടിയതും കുറഞ്ഞതുമൊക്കെയായി പലതും സംഭവിച്ചിട്ടുണ്ട് പക്ഷെ ഇന്നുവരെ ഒരാളുടെയും ‘സ്വാതന്ത്ര്യത്തിൽ’ അനുവാദമില്ലാതെ കടന്നു കയറി അവരെ വേദനിപ്പിച്ചിട്ടില്ല.
വെള്ളത്തിൽ വരച്ച വരയും ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റും ഒരുപോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇത് ഒരുപക്ഷെ ഫേസ്ബുക്കിൽ കിടന്ന് കറങ്ങി മെല്ലെ ചത്തൊടുങ്ങാൻ പോകുന്ന ഒരെഴുത്താണ് എന്ന ബോധ്യവുമുണ്ട് എന്നിട്ടും എഴുതാൻ തീരുമാനിക്കുന്നത് ഇത് വായിക്കാൻ സാധ്യതയുള്ള, ദാ ഇതുവരെ വായിക്കാൻ മനസ്സ് കാണിച്ച നിങ്ങളെപ്പോലുള്ള ഏതാനും വ്യക്തികൾ ഉണ്ടല്ലോ എന്നും, നിങ്ങളിലൂടെ രാണ്ടാളുകളിലേക്കെങ്കിലും ആശയങ്ങൾ എത്തുമെന്ന പ്രതീക്ഷകൊണ്ടാണ്….

Noora T Noora T :