കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പീഡിപ്പിക്കാന്‍ ക്വേട്ടേഷന്‍ കൊടുത്തുവെന്ന കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു അപൂര്‍വ്വമായ കേസ്. ഇരയായ നടിയുടെ പേര് ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തെത്തിയതോടെ പ്രിയനടിയുടെ വിഷമത്തില്‍ പലരും പങ്കുചേര്‍ന്നു. നീതിയ്ക്കായി അവള്‍ക്കൊപ്പം അണിനിരന്നു.
എന്നാല്‍ കേസ് അന്വേഷണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞതോടെ ജനപ്രിയനായകനും കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടു. അതോടെ അതിജീവിതയെ കുത്തി നോവിക്കാന്‍ ആള്‍ക്കാര്‍ വരിവരിയായി എത്തി. പിന്നാലെ ദിലീപിന്റെ ജയില്‍വാസനും തീര്‍ത്ഥാടനയാത്രയുമെല്ലാം വാര്‍ത്തയായിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി കേസ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
എല്ലാത്തിനും ശേഷം വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം. തുടര്‍ന്നുള്ള ആറ് മാസങ്ങള്‍ നീണ്ട് നിന്ന അന്വേഷണം ഏറെ സംഭവബഹുലമായിരുന്നു. തുടരന്വേഷണവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസുമടക്കം നിരവധി നടപടികള്‍ ഇക്കാലയളവിലുണ്ടായി.
ഇപ്പോഴിതാ ആറ് മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനും നിരവധി നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ വേളയില്‍ കേസിന്റെ നാള്‍വഴികളിലേയ്ക്കും നാടകീയ സംഭവങ്ങളിലേയ്ക്കുമെല്ലാം ഒന്ന് തിരിഞ്ഞു നോക്കാം…
2021 ഡിസംബര്‍ 25 നാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ എത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൌലോസ് ഉള്‍പ്പടെയുള്ളവരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. 2017 നവംബര്‍ 15ന് ആലുവയില്‍ ദിലീപിന്റെ വീടായ പദ്മസരോവരത്തിലായിരുന്നു ഗൂഢാലോചനയെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച നിരവധി ഓഡിയോകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു.
പിന്നാലെ ഡിസംബര്‍ 27 ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. 2022 ജനുവരി 2ന് തുടരന്വേഷണത്തെ എതിര്‍ത്ത് നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെന്നും അതിനാല്‍ ബൈജു പൗലോസിനെ അന്വേഷണത്തില്‍ നിന്നും മാറ്റണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
എന്നാല്‍ ജനുവരി 3 ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി. ഇതോടെ ജനുവരി 9 ന് ഗൂഡാലോചന കേസ് അന്വേഷിക്കാന്‍ പുതിയ സംഘം രൂപീകരിക്കപ്പെട്ടു. കൊച്ചി എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ദിലീപ് സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, െ്രെഡവര്‍ അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ പ്രതിചേര്‍ത്തായിരുന്നു അന്വേഷണം ആരംഭിച്ചത്.
ജനുവരി 10 ന് ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തി. ഇതേ ദിവസം തന്നെയാണ് പള്‍സര്‍ സുനിയും ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വരുന്നത്. ജനുവരി 12 ന് ജെഎഫ്എംസി കോടതി ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇതോടെ അറസ്റ്റ് മുന്നില്‍ കണ്ട ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നു.
ജനുവരി 19 ന് തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരക്കി. ഇതേസമയം തന്നെ ദിലീപിന്റെ ഫോണിനായി കോടതിയില്‍ ശക്തമായ വാദം നടക്കുകയാണ്. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുന്നു. ഇതിനിടെ ഒരു പ്രമുഖ മാഗസീനില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം കവര്‍ ഫോട്ടോയായി എത്തിയത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
ദിലീപ് ജയിലില്‍ പോയപ്പോള്‍ ദിലീപിന്റെ അമ്മയ്ക്കും മകള്‍ക്കും സപ്പോര്‍ട്ട് താനായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. ഞാന്‍ അത് മനസിലാക്കി നിന്നു.എല്ലാം ബോള്‍ഡായി തന്നെയാണ് നേരിട്ടതെന്നാണ് കാവ്യ തന്നെ അഭിമുഖത്തില്‍ പറയുന്നത്. സത്യം തെളിയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും മാനസിക നില തെറ്റാതെ അവിടെ വരെ എത്തണേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നുമാണ് ദിലീപ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസമേതം ദിലീപ് എത്തിയ ഇന്റര്‍വ്യൂ ആയതിനാല്‍ തന്നെ ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചിരുന്നു.
പിന്നാലെ ഫെബ്രുവരി 1 ന് ദിലീപിന്റെ ഫോണ്‍ കോടതിയില്‍ എത്തി. ഫെബ്രുവരി 8 ന് ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ശബ്ദ പരിശോധനനയും ഫെബ്രുവരി 14 ന് ദൃശ്യം ചോര്‍ന്നെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നു. ഫെബ്രുവരി 21 ന് അതിജീവിതയും ഹൈക്കോടതിയെ സമീപിക്കുന്നു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളുന്നത് മാര്‍ച്ച് 17 നാണ്. പിന്നാലെ അതേമാസം 28 ന് ദിലീപിനെയും കൂട്ടുപ്രതികളെയും ബാലചന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്തു. ഏപ്രില്‍ 8 ന് കാവ്യാമാധവന് ആദ്യമായി നോട്ടീസ് അയക്കുന്നു.
പിന്നാലെ ദിലീപ് ഒരു തീര്‍ത്ഥാടന യാത്രയിലായിരുന്നു. തന്റെ ഭാര്യയും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുമോ എന്നുള്ള പേടിയിലാണിതെല്ലാം എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നിരവധി ക്ഷേത്രങ്ങള്‍ കയറിയിറങ്ങി ഒടുക്കം ശബരിമല കയറി പാപങ്ങളെല്ലാം കഴുകി കളഞ്ഞാണ് ദിലീപ് മലയിറങ്ങിയത്. കടുത്ത ദൈവ വിശ്വാസിയായതിനാല്‍ തന്നെ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു.
പള്ളിയിലെത്തിയ ദിലീപ് മുഴുവന്‍ കുര്‍ബാനയും കഴിഞ്ഞശേഷമാണ് മടങ്ങിയത്. പിന്നീട് ഗുരുവായൂരും ശബരിമലയും അടക്കം പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ദിലീപ് എത്തിയിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അന്ന് മുതല്‍ ജഡ്ജി അമ്മാവന്റെ അടുക്കലും ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിലും സ്ഥിരം എത്താറുണ്ടായിരുന്നു.
ഒടുക്കം മെയ് 9 ന് കാവ്യയെ പോലീസ് ചോദ്യം ചെയ്യുന്നു.., അതും ‘എന്തോരം’ നാടകങ്ങള്‍ക്ക് ഒടുവില്‍. ഇന്ന് ചെന്നൈ എങ്കില്‍ നാളെ ദുബായ്…അവിടെ നിന്ന് അമേരിക്ക. പിന്നെ പോലീസ് വീട്ടിലെത്തണം. അത് നിര്‍ബന്ധമാണ്!. അങ്ങനെ ക്രൈംബ്രാഞ്ചുകാരെ കുറേ വലച്ചുവെങ്കിലും ഒടുക്കം കാണാപാഠം പഠിച്ചതൊന്നും മറക്കാതെ, നല്ല കുട്ടിയായി ക്രൈംബ്രാഞ്ചിനെ വീട്ടിലെത്തിച്ച് ഉത്തരം കൊടുത്തു. പ്രതിപ്പട്ടികയിലേക്കെന്ന റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും ഒടുവില്‍ കാവ്യ സാക്ഷിപ്പട്ടികയില്‍ തന്നെയായിരുന്നു.
ജൂണ്‍ 4 ന് തുടരന്വേഷണത്തിന് ജൂലായ് 15 വരെ സമയം നീട്ടിനല്‍കി. ദിലീപും അനൂപും ഫോണുകള്‍ ഒളിച്ചുവെച്ചെന്ന് ജൂണ്‍ ആറിന് കണ്ടെത്തി. അതേമാസം 15 ന് കാവ്യയുടെ മാതാപിതാക്കളെയും ഭര്‍തൃസഹോദരിയെയും 21 നടന്‍ സിദ്ദിഖിന്റെയും ഡോ. ഹൈദരാലിയുടെയും മൊഴിയെടുത്തു. ഏറെ നാള്‍ നീണ്ട് നിന്ന വാദങ്ങള്‍ക്കൊടുവില്‍ ജൂലായ് 6ന് മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ പരിശോധനയ്ക്ക് വിടുന്നു, ജുലൈ 13 ന് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ 3 തവണ മാറിയതായി കണ്ടെത്തി. ഒടുവില്‍ ജൂലൈ 22 ന് കുറ്റപത്രം സമര്‍പ്പിച്ചു.