വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന ചിത്രമായ എമര്‍ജന്‍സിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് കങ്കണ തന്നെയാണ്.
ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനാണ് കങ്കണ ചിത്രം നിര്‍മിക്കുന്നതെന്നും റിലീസിന് മുന്‍പ് സിനിമ കാണണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പിന്നാലെ വിഷയത്തില്‍ കോണ്‍ഗ്രസിന് മറുപടിയുമായി ബി.ജെ.പി വക്താവ് രാജ്പാല് സിങ് സിസോദിയ രംഗത്തു വന്നു.
അടിയന്തരാവസ്ഥ കാലം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെന്നും അതിലെ നായിക ഇന്ദിര ഗാന്ധി ആയിരുന്നുവെന്നുമാണ് സിസോദിയയുടെ പ്രതികരണം.
അതേസമയം ‘ലോക ചരിത്രത്തിലെ ഏറ്റവും ശക്തയും വിവാദപരവുമായ സ്ത്രീകളില്‍ ഒരാളെ അവതരിപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ റിതേഷ് ഷായാണ് .
ഓസ്കാര്‍ അവാര്‍ഡ് നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡേവിഡ് മാലിനോവ്സ്ക് ആണ് ‘ മേക്കപ്പ്. സിനിമയുടെ ചിത്രീകരണംഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 2023ലാകും സിനിമയുടെ റിലീസിങ്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജന്‍സി. 2019 ല്‍ റാണി ലക്ഷ്മി ഭായിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ‘മണികര്‍ണിക’യാണ് കങ്കണയുടെ ആദ്യ ചിത്രം.