നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രം പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് നൽകുന്നത്. ഇതോടെ കേസിൽ 9 പ്രതികളാകും. 1500ലേറെ പേജുള്ള കുറ്റപത്രത്തിൽ 90 ലേറെ പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
2021 ഡിസംബർ 25 ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം.കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ നിലവിലുള്ള വകുപ്പുകൾക്ക് പുറമെ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുഹൃത്തായ ശരത് മുഖേന ദിലീപിന്‍റെ പക്കൽ എത്തി എന്നാണ് റിപ്പോർട്ടിലുളളത്. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ അധിക കുറ്റപത്രം നൽകി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണം തുടങ്ങിയതിന് പിറകെ അന്തിമഘട്ടത്തിലെത്തിയ വിചാരണ നിലച്ചിരുന്നു. വിചാരണ പുനരാരംഭിക്കുന്നത് സംബബന്ധിച്ച് ഇന്ന് കോടതി തീരുമാനമെടുക്കും.
ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധ്യവന്‍, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയിലുണ്ടാവും. നേരത്തെ വിസ്തരിച്ചതാണെങ്കിലും പല സാക്ഷികളേയും വീണ്ടും വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലേറെ പേജുള്ള അനുബന്ധ റിപ്പോർട്ടാണ് അന്വേഷണ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പകർപ്പ് എടുക്കുന്ന ജോലിയും കഴിഞ്ഞ ദിവസത്തോടെ ആരംഭിച്ച് കഴിഞ്ഞു.
കോടതിയില്‍ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ എല്ലാ പ്രതികള്‍ക്കും നല്‍കേണ്ടതുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് സർക്കാറിന്റേയും നിലപാട്. അതേസമയം, കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ കോടതിയുടെ പരിഗണനയിലിരിക്കെ ചോർന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടർന്നേക്കും.ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിചാരണ കോടതിയും നിർദേശിച്ചിരുന്നു. മെമ്മറി കാർഡ് ഉപയോഗിച്ച് ദൃശ്യം കണ്ട വിവോ ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്തണം. മെമ്മറി കാർഡ് പ്രവർത്തിപ്പിച്ചത് ഏത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് പ്രോസിക്യൂഷന് അറിയമെങ്കിലും അത് വ്യക്തമാക്കുന്നില്ലെന്നും കോടതി നേരത്തെ വിമർശിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നവരെ, വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. വാട്‍സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. വാട്‍സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകൾ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നൽകി.
ദിലീപിന്റ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നാണ് ‘ദിലീപിനെ പൂട്ടണം’ എന്ന ഗ്രൂപ്പിലെ വാട്‍സാപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് കിട്ടിയത്. ചലച്ചിത്ര പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫൈലുകൾ ഉള്ള ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഫോണിൽ ഉണ്ടായിരുന്നത്. പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജാണ് ഈ സ്ക്രീൻ ഷോട്ട് അനൂപിന് അയച്ചിട്ടുള്ളത്. സ്ക്രീൻ ഷോട്ടിൽ പേരുകൾ ഉള്ള ചിലരുടെ മൊഴി എടുത്തതിൽ നിന്ന് ഇങ്ങനെ ഒരു ഗ്രൂപ്പിൽ അവർ അംഗങ്ങളല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അതിജീവിതയ്ക്കൊപ്പം നിന്നവരെ അപമാനിക്കാൻ വേണ്ടി വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടേയും ചലച്ചിത്ര രംഗത്തുള്ളവരുടേയും മൊഴിയെടുത്തു.
2017 നവംബറിൽ ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വാട്‍സാപ്പ് ചാറ്റുകൾ പ്രത്യക്ഷപ്പെട്ടത്. നടനെ കുടുക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാനാണ് വ്യാജ ചാറ്റുകൾ തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഗ്രൂപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ച ശേഷമാകും ഷോൺ ജോർജിന്റെ മൊഴിയെടുക്കുക.