തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല, വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് നിത്യ മേനോന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. താരത്തിന്റെ വിവാഹം ഉടനെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് നിത്യ മേനോന്‍. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കും മുന്നേ ലഭിച്ച വിവരത്തിലെ സത്യാവസ്ഥ മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും നടി വ്യക്തമാക്കി.

നിത്യ മേനോനും മലയാള സിനിമയിലെ ഒരു പ്രമുഖ നടനും തമ്മില്‍ വിവാഹിതരാകുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ’19(1)(എ)’ നിത്യ മേനോന്റേതായി അണിയറയില്‍ ഒറുങ്ങുന്ന ചിത്രം.

ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്.

ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് വിജയ് ശങ്കറാണ്. ഗാനരചന അന്‍വര്‍ അലി.

Vijayasree Vijayasree :