കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു മണികണ്ഠനെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം നടന്നത്. മരട് സ്വദേശിനിയായ അഞ്ജലിയെ ആണ് നടന്‍ ജീവിത സഖിയാക്കിയത്. ലളിതമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം പങ്കുവയ്ക്കുകയാണ് താരം. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് “എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണം. ലവ് യൂ ഓള്‍ എന്ന് മണികണ്ഠന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. നടി ശ്രിന്ദ, നടൻ റോഷൻ മാത്യു, ഗായകൻ ഷഹബാസ് അമൻ തുടങ്ങി നിരവധി താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നു.
കമ്മട്ടിപ്പാടത്തിന് പിന്നാലെ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ മാമാങ്കമാണ് മണികണ്ഠന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പതിനഞ്ചിലധികം സിനിമകളിലാണ് നടന്‍ തന്‌റെ കരിയറില്‍ അഭിനയിച്ചത്. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്‍ ആചാരിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍.