ദിലീപിന്റെ പേര് തന്റെ മനസില്‍ നിന്ന് വെട്ടാന്‍ സമയമായിട്ടില്ല; ഇപ്പോൾ കുറ്റാരോപിതന്‍ മാത്രമാണ്, കേസില്‍ വിധി വരട്ടെ ; രഞ്ജിത്ത് പറയുന്നു !

1987ൽ ‘ഒരു മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ൽ ‘ദേവാസുരം’ എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. സിനിമയും അതിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രവും മലയാള സിനിമയിലെ ക്ലാസ്സിക്ക് സ്ഥാനം നേടി.

തുടർന്ന് ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം, നരസിംഹം, വല്യേട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ പൂര്‍ണമായും തള്ളിപ്പറയാത്ത നിലപാട് ആവര്‍ത്തിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്ത്.ദിലീപിന്റെ പേര് തന്റെ മനസില്‍ നിന്ന് വെട്ടാന്‍ സമയമായിട്ടില്ല എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്, കേസ് കോടതിയില്‍ ഇരിക്കുകയാണ്, ഈ കേസില്‍ വിധി വരുന്ന സമയം ദിലീപ് കുറ്റവാളിയാണെന്ന് കാണുകയാണെങ്കില്‍ ആ സമയത്ത് പ്രയാസത്തോടെ തന്റെ മനസില്‍ നിന്ന് ദിലീപിന്റെ പേര് വെട്ടും എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിയോകിന്റെ വേദിയില്‍ ദിലീപുമായി കണ്ടുമുട്ടാനിടയായത് യാദൃശ്ചികമായാണെന്നും എന്നാലും അത് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ പോലും താന്‍ അവിടെ പോകുമായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.കേസില്‍ അതിജീവിതക്കൊപ്പമാണോ എന്ന ചോദ്യത്തിന് അതിജീവിക്കുന്ന എല്ലാവര്‍ക്കുമൊപ്പമാണ് എന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ അതിജീവിത വന്നത് തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു എന്ന് രഞ്ജിത്ത് പറഞ്ഞതായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ സംഘടനകള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ നിന്നും നടി റിമ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവും വിട്ടുനിന്നതിനെക്കുറിച്ചും രഞ്ജിത്ത് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അതിജീവിതയായ പെണ്‍കുട്ടിയോടൊപ്പമാണ് എന്ന് പറയാന്‍ എവിടെയും രഞ്ജിത്ത് തയ്യാറായില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി പറയവെയായിരുന്നു പ്രതികരണം.”എല്ലായിടത്തും ചെന്ന് മുദ്രാവാക്യം വിളിക്കേണ്ട കാര്യമില്ല. ഈ സംഭവമുണ്ടായതിന് തൊട്ടുപിന്നാലെ എന്റെ ഭാഗത്ത് നിന്നാണ് ആദ്യത്തെ നീക്കമുണ്ടായത്.

അമ്മ ഭാരവാഹികളായ മമ്മൂട്ടിയെയും ഇന്നസെന്റിനെയും വിളിച്ച് ഒരു പ്രതിഷേധയോഗം ചേരണമെന്ന് പറഞ്ഞപ്പോള്‍, നമുക്കൊരു പത്രക്കുറിപ്പ് ഇറക്കിയാല്‍ പോരേ എന്ന് അവര്‍ ചോദിച്ചു. പത്രക്കുറിപ്പ് കൊണ്ടുപോയി കീറിക്കളഞ്ഞാല്‍ മതി. അത് പോരാ, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പ്രതിഷേധയോഗം ചേരണം എന്ന് ഞാനാണ് പറഞ്ഞത്.അതിന്റെ അടിസ്ഥാനത്തിലാണ് യോഗം നടന്നത്. ഞാനും രണ്‍ജി പണിക്കരും ചേര്‍ന്നാണ് എല്ലാവരെയും വിളിച്ചത്. അക്കൂട്ടത്തില്‍ ആദ്യം വിളിച്ചവരുടെ കൂട്ടത്തില്‍ പെട്ടവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. എന്നാല്‍ അവര്‍ എന്തോ കാരണം പറഞ്ഞ് ഒഴിയുകയാണുണ്ടായത്,” എന്ന് രഞ്ജിത്ത് പറഞ്ഞതായി പ്രമോദ് രാമന്‍ വ്യക്തമാക്കി.

AJILI ANNAJOHN :