പുരുഷ മേധാവിത്വമുള്ള ഈ സമൂഹത്തോടും ഇന്‍ഡ്‌സ്ട്രിയോടും പോരാടുക എന്നത് വലിയ കാര്യമാണ് ;ഒരു വ്യക്തിയുടെ മൂല്യം അവരുടെ മരണശേഷം മാത്രമാണോ അറിയപ്പെടേണ്ടത് ബോളിവുഡ് താരം നീതു ചന്ദ്ര പറയുന്നു !

ദേശീയ അവാര്‍ഡ് നേടിയ മൂന്ന് ചിത്രങ്ങളുടെ ഭാഗമായിട്ടും തനിക്ക് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം നീതു ചന്ദ്ര. പുരുഷ മേധാവിത്വമുള്ള ഈ സമൂഹത്തോടും ഇന്‍ഡ്‌സ്ട്രിയോടും പോരാടുക എന്നത് വലിയ കാര്യമാണെന്നും എന്നാല്‍ വിട്ടുകൊടുക്കാതെ പോരാടുമെന്നും നീതു പറഞ്ഞു. ഒരു വ്യക്തിയുടെ മൂല്യം അവരുടെ മരണശേഷം മാത്രമാണോ അറിയപ്പെടുകയെന്നും നടന്‍ സുഷാന്ത് സിംഗിനെ ചൂണ്ടിക്കാട്ടി നടി ചോദിക്കുന്നു.ജീവിതം ഒരു പോരാട്ടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും താന്‍ ഇന്ന് നല്ലൊരു ജോലിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആണെന്നും നീതു പറഞ്ഞു. പല ആളുകളും നിങ്ങള്‍ വളരെ ശക്തരാണെന്ന് പറയുന്നുണ്ട്, എന്നാല്‍ അതില്‍ കാര്യമില്ലെന്നും ശക്തരായതുകൊണ്ട് ബില്ലുകളുടെ പണം നല്‍കാന്‍ കഴിയില്ലെന്നും നീതു ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ജോലിയും പണവും ആവശ്യമാണ്, ഏറ്റവും താഴ്ന്ന തലം മുതല്‍ മുകളില്‍ വരെ എല്ലാവരും ജോലിയും കൂലിയും ആഗ്രഹിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ തന്റെ ദുരനുഭവം വിവരിച്ചുകൊണ്ട് നീതു ചൂണ്ടിക്കാണിച്ചു. ‘ഞാന്‍ ഇത് ഇപ്പോള്‍ പറയുമ്പോള്‍ ആളുകള്‍ പറയാന്‍ പോകുന്നത് ‘സഹതാപം കിട്ടാന്‍ വേണ്ടിയാണ് നീതു ഇതിനെക്കുറിച്ച് സംസാരിച്ചത്, അവള്‍ ഇത് ചെയ്യുന്നത് പിആറിന് വേണ്ടി മാത്രമാണ്’ എന്നൊക്കെയായിരിക്കും. എന്നാല്‍ ഞാന്‍ ഇത് പറഞ്ഞില്ലെങ്കില്‍ ഇതേ ആളുകള്‍ പറയും അവള്‍ തുറന്നു പറയേണ്ടതായിരുന്നുവെന്ന് ജോലിക്ക് വേണ്ടി പോരാടുന്ന എന്നെപ്പോലുള്ള നടിമാര്‍ എവിടെ പോകണമെന്നും നീതു ചോദിക്കുന്നു.’ഒരുപക്ഷേ എന്റെ ആത്മവിശ്വാസം ഒരുപാട് ആളുകളെ ഭയപ്പെടുത്തിയിരിക്കാം. പക്ഷേ അത്തരക്കാരെ ഇന്ന് വരെ നോക്കിക്കാണുന്നു. സ്മിതാ പാട്ടീല്‍ ജി മുതല്‍ ഷബാന ആസ്മി ജി വരെ പാട്ടും നൃത്തവും ചെയ്ത് പേരോ പ്രശസ്തിയോ ഉണ്ടാക്കിയിട്ടില്ല. അവരുടെ പ്രകടനത്തിന് നന്ദി. ഉംറാവു ജാന്‍ എന്ന സ്റ്റേജ് പെര്‍ഫോമന്‍സില്‍ ചെറുപ്പം മുതല്‍ വാര്‍ദ്ധക്യം വരെള്ള കഥാപാത്രമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

രണ്ട് മണിക്കൂര്‍ ഞാന്‍ അതിനായി സ്റ്റേജില്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഇതുപോലുള്ള പ്രകടനങ്ങള്‍ നടത്തിയ ഞാന്‍ അത് ഉപേക്ഷിച്ച് പാട്ടും നൃത്തവും ചെയ്യുമെന്ന് നിങ്ങള്‍ എങ്ങനെ പ്രതീക്ഷിക്കുന്നു? എനിക്ക് അത് ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ല, ഞാന്‍ അത് ചെയ്യും, പണ്ട് ഞാന്‍ ഇത് ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്ന് ഞാന്‍ നല്ല ജോലി തേടുകയാണ്.ജീവിതം അങ്ങനെയൊരു പോരാട്ടമായി മാറിയിരിക്കുന്നു.

എല്ലാ തലത്തിലും പോരാടുന്ന ഈ അഭിനേതാക്കളുമായി ഞാന്‍ ബന്ധപ്പെടുന്നു. അമ്മയാണ് എന്റെ പിന്തുണ. ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നത് എന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്നതുകൊണ്ടാണ്. നിങ്ങള്‍ ഒരു ഗാനം ചെയ്യുകയാണെങ്കില്‍ പോലും, നിങ്ങള്‍ ഒരു പ്രത്യേക പശ്ചാത്തലത്തില്‍ നിന്നാവണം. സ്റ്റേജ് സജ്ജീകരിക്കുന്നത്, പാട്ടിലെ പിന്തുണയ്ക്കുന്ന അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്, സംഗീതം, മാര്‍ക്കറ്റിംഗ് ബജറ്റ്, പ്രൊമോഷനുകള്‍ എന്നിവയെല്ലാം അതിനനുസരിച്ച് തീരുമാനിക്കപ്പെടുന്നു. പാട്ട് മികച്ചതല്ലാതിരിക്കുകയും പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്താല്‍, ആളുകള്‍ അത് ഇഷ്ടപ്പെടാന്‍ തുടങ്ങുന്ന തരത്തില്‍ പലപ്പോഴും പ്ലേ ചെയ്യും. ദേശീയ അവാര്‍ഡ് നേടിയ മൂന്ന് ചിത്രങ്ങളുടെ ഭാഗമായിട്ടും എനിക്ക് ഇതെല്ലാം ലഭിച്ചിട്ടില്ല.

അപ്പോള്‍ എന്നെപ്പോലെയുള്ള ഒരാള്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ. ഞാന്‍ ശ്വാസംമുട്ടി മരിക്കണോ? ഒരു വ്യക്തിയുടെ മൂല്യം അവരുടെ മരണശേഷം മാത്രമാണോ അറിയപ്പെടുക? സുശാന്ത് സിംഗ് രജ്പുത്തിന്റേത് പോലെ? ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി ആളുകളുണ്ട്. എന്റെ മനസ്സിലും ഇതേ ചിന്ത കടന്നുപോയി. ഒരു പെണ്‍കുട്ടിയായിരിക്കുക, പുരുഷ മേധാവിത്വമുള്ള സമൂഹത്തോടും ഇന്‍ഡസ്ട്രിയോടും പോരാടുക. ഞാന്‍ പോരാടും വിട്ട് കൊടുക്കാന്‍ തയ്യാറല്ല. ആളുകള്‍ പറയുന്നു, നിങ്ങള്‍ വളരെ ശക്തയാണെന്ന്. എന്നാല്‍ ശക്തയായതുകൊണ്ട് എന്റെ ബില്ലുകള്‍ നല്‍കാന്‍ കഴിയില്ല. എല്ലാവര്‍ക്കും ജോലിയും പണവും ആവശ്യമാണ്, ഏറ്റവും താഴ്ന്ന തലം മുതല്‍ മുകളില്‍ വരെ എല്ലാവരും ജോലിയും കൂലിയും ആഗ്രഹിക്കുന്നു’ നീതു വ്യക്തമാക്കി.

AJILI ANNAJOHN :