പൃഥ്വിരാജ് ആണ് ഷൂട്ടിങ്ങിനിടയിൽ ഡയലോഗുകൾ പ്രോംപ്റ്റ് ചെയ്ത് കൊടുത്തിരുന്നത്; മറ്റാരുചെയ്താലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല; അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു ; മാലാ പാർവതി!

നടന്‍ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. ഇന്ന് രാവിലെ ചെന്നൈയിലെ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസ്സായിരുന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ ഏറെയായി ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു പ്രതാപ് പോത്തൻ. വലിയ കലാകാരനും അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നു പ്രതാപ് പോത്തനെന്ന് പറയുകയാണ് മാലാ പാർവതി.

‘‘വളരെ സങ്കടകരമായ വാർത്തയാണ് അറിയുന്നത്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. മൂന്നാറിലായിരുന്നു അതിന്റെ ഷൂട്ട് നടന്നത്.

പൃഥ്വിരാജ് ആണ് അന്ന് അദ്ദേഹത്തിന് ഷൂട്ടിങ്ങിനിടയിൽ ഡയലോഗുകൾ പ്രോംപ്റ്റ് ചെയ്ത് കൊടുത്തിരുന്നത്. ലാൽ ജോസ് സാറിന്റെ മറ്റ് അസിസ്റ്റന്റുകൾ പ്രോംപ്റ്റ് ചെയ്തു കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.

പൃഥ്വിരാജ് തന്റെ ഷോട്ട് കഴിയുമ്പോൾ അവിടെ നിന്ന് പ്രതാപ് സാറിന് ഡയലോഗ് പറഞ്ഞു കൊടുക്കും. അവർ തമ്മിലുള്ള ആ ഒരു സ്നേഹബന്ധം വളരെ അടുത്ത് നിന്ന് അറിയാൻ കഴിഞ്ഞു.

ആ സിനിമ കഴിഞ്ഞും ഒന്ന് രണ്ട് പ്രാവശ്യം ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ സൗഹൃദം നിലനിർത്താനും കഴിഞ്ഞിരുന്നു.

അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ ഭാര്യയായി എന്റെ ഫോട്ടോ വച്ചപ്പോൾ അത് പറയാനായി എന്നെ വിളിക്കാനും അദ്ദേഹം മറന്നില്ല. എന്നും മാലാ പാർവതി പറയുന്നു.

about mala parvathy

Safana Safu :