മലയാള സിനിമയിലെ ആരും കൊതിക്കുന്ന പ്രണയ ജോഡികൾ

മനസ്സിൽ പ്രണയം സൂക്ഷിക്കാത്ത ആരും തന്നെയില്ല. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും എന്നുവേണ്ട സ്ത്രീയും പുരുഷനും എവിടെയുണ്ടോ അവിടെയൊക്കെ പ്രണയമുണ്ട്. അവയില്‍ ചില പ്രണയങ്ങള്‍ പൂവണിയും ചിലത് പരാജയപ്പെടും. സിനിമയിലുമുണ്ട് അത്തരം പ്രണയങ്ങൾ. അവർ യഥാർത്ഥ ജീവിതത്തിൽ വരെ ഒന്നിച്ചിരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ചു പോയിട്ടുള്ള പ്രണയ ജോഡികൾ. മലയാള സിനിമയിലുമുണ്ട് അതുപോലെ ചില പ്രണയങ്ങള്‍. പ്രണയം വിഷയമായ ഒരു പാട് സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. മലയാള സിനിമ ആസ്വാദകര്‍ വീണ്ടും വീണ്ടും സിനിമയിലൂടെ കാണാന്‍ ആഗ്രഹിക്കുന്ന ചില കൂട്ടുകെട്ടുകള്‍ ഉണ്ട്. പ്രേംനസീര്‍ – ഷീല, സത്യന്‍ – ശാരദ, മോഹന്‍ലാല്‍ – ശോഭന, ജയറാം – പാര്‍വതി, പൃഥ്വിരാജ്-നവ്യാ നായര്‍, ദുല്‍ഖര്‍-നിത്യ മേനോന്‍ അങ്ങനെ നീളുന്നു മലയാള സിനിമയിലെ പ്രണയജോഡികൾ.

മലയാള സിനിമയിലെ ആദ്യ കാലത്തെ പ്രണയം ബ്ലാക്ക് ആൻഡ് വൈറ്റ് പ്രണയം.പ്രണയിതാകള്‍ക്ക് സന്ദേശം കൈമാറാനുള്ള ഒരേയൊരു മാര്‍ഗം കത്തുകള്‍ മാത്രമായിരുന്നു. മൊബൈലോ ഇന്റർനെറ്റോ ഇല്ലാതിരുന്ന കാലം. അക്കാലത്തെ സിനിമകളും അങ്ങനെ തന്നെയായിരുന്നു. കത്തുകളിലൂടെ മാത്രം പ്രണയം കൈമാറിയിരുന്നു. എന്നാല്‍ പ്രേം നസീറിന്റെ സിനിമകളില്‍ ഏറെയും മരം ചുറ്റി പ്രണയമായിരുന്നു. നസീറിന്റെ സിനിമകളിലെ പ്രണയരംഗങ്ങളെല്ലാം മരം ചുറ്റി പ്രണയമായിരിക്കും. ആ കാലയളവിൽ മലയാളികളുടെ മനസ്സില്‍ തെളിയുന്ന രണ്ട് പ്രണയ ജോഡികളുടെ മുഖങ്ങളാണ് പ്രേം നസീറിന്റെയും ഷീലയുടെയും.കള്ളിച്ചെല്ലമ്മ, കാവ്യമേള, ഭാര്യമാര്‍ സൂക്ഷിക്കുക തുടങ്ങീ 130 ഓളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ പ്രണയജോഡികളായവർ എന്ന റെക്കോര്‍ഡും ഈ പ്രണയ ജോഡികള്‍ സ്വന്തമാക്കി.

മലയാള സിനിമയില്‍ ഒരുകാലത്ത് നായകന്‍ സത്യനെന്ന് കേട്ടാല്‍ നായിക സ്ഥാനത്തേയ്ക്ക് പ്രേക്ഷകരുടെ മനസ്സില്‍ തെളിയുന്ന മുഖം ശാരദേയുടേതായിരുന്നു. അടിമകള്‍, യക്ഷി, സ്ത്രീ, കുറ്റവാളി, മനസ്വിനി തുടങ്ങിയവ സത്യനും ശാരദയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളാണ്.

നിരവധി സിനമകളില്‍ ഒന്നിച്ചെത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രണയ ജോഡികളാണ് മധുവും ശാരദയും. ആഭിജാത്യത്തിലൂടെയാണ് മധുവും ശാരദയും ഒരുമിച്ച് അഭിനയിച്ചത്.കാക്കത്തമ്പുരാട്ടി, ഗന്ധര്‍വ്വക്ഷേത്രം, തീര്‍ത്ഥയാത്ര, തെക്കന്‍കാറ്റ്, ഇതാ ഇവിടെ വരെ, ഇതാണെന്‍റെ വഴി, ആരാധന, സൊസൈറ്റി ലേഡി, അകലങ്ങളില്‍ അഭയം, അസ്തമയം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മധുവിന്‍റെ നായികയായി ശാരദ അഭിനയിച്ചു. അതുപോലെ മധുവിന്റെ താരജോഡിയായി കാണാൻ ഇഷ്ടപെടുന്ന മറ്റൊരു നായികയാണ് ശ്രീവിദ്യ.

ഒട്ടുമിക്ക സിനിമകളിലും നായികാ നായകനായി ഒന്നിച്ചെത്തിയ ജയൻ – സീമ ജോടികൾ ആ കാലത്തെ പ്രേക്ഷകരുടെ ഹരമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ജയനോടൊപ്പം നായികാവേഷം ചെയ്തത് സീമ ആയിരുന്നു. അങ്കക്കുറി, കരിമ്പന, അങ്ങാടി, തുടങ്ങീ നിരവധി സിനിമകളില്‍ ഇരുവരും പ്രണയ ജോടികളായി അഭിനയിച്ചിട്ടുണ്ട്.

നാടൻ സൗന്ദര്യത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മേനക. മേനക എന്ന നടിയുടെ പേരു കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റൊരു മുഖമാണ് നടൻ ശങ്കറിന്റേത്. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ശങ്കറും മേനകയും. ശങ്കറിന്റെ നായികമാരിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മേനകയെയായിരുന്നു. ശങ്കർ -മേനക ജോടികൾ അഭിനയിച്ച സിനിമകൾ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തി, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു തുടങ്ങിയവ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രങ്ങളാണ്.

പഴകാല ചിത്രങ്ങളിലെ മികച്ച ജോഡികളായിരുന്നു മോഹന്‍ലാല്‍-ശോഭന. സത്യന്‍ അന്തിക്കാട് ചിത്രം ടി.പി. ബാലഗോപാലൻ എം.എ മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.തേന്‍മാവിന്‍ കൊമ്പത്തിൽ മാണിക്യനും കാര്‍ത്തുമ്പിയുമായി ലാലും ശോഭനയും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.തുടർന്ന് നാടോടിക്കാറ്റ്, മിന്നാരം, തോന്മാവിന്‍ കൊമ്പത്ത്, പവിത്രം, പക്ഷേ, മണിച്ചിത്രത്താഴ്, മായാമയൂരം, വെള്ളാനകളുടെ നാട് തുടങ്ങി 20ഓളം ചിത്രങ്ങളിലാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച് അഭിനയിച്ചത്.

മമ്മൂട്ടി – സുഹാസിനി ജോഡി ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായ കൂടെവിടെ മുതല്‍ തുടങ്ങിയ ആ കൂട്ടുകെട്ട് പിന്നീട് വൻ ഹിറ്റ് ചിത്രങ്ങൾക്ക് വഴിയൊരുക്കി. കൂടെവിടെ, എന്‍റെ ഉപാസന, ആരോരുമറിയാതെ, അക്ഷരങ്ങള്‍, കഥ ഇതുവരെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, രാക്കുയിലിന്‍ രാഗസദസ്സില്‍, പ്രണാമം തുടങ്ങിയവയാണ് മമ്മൂട്ടിയും സുഹാസിനിയും ഒരുമിച്ച പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത് ശോഭനയായിരുന്നു. 1984-2000 കാലഘട്ടത്തില്‍ ശോഭന മമ്മൂട്ടിയുടെ നായികയായി 35 ചിത്രങ്ങളിലാണ് അഭിനയിച്ചത്. 1984 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ എന്ന സിനിമയിലാണ് ശോഭന ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്നത്. 2000 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വല്യേട്ടന്‍’ ആയിരുന്നു മമ്മൂട്ടിയോടൊപ്പം ശോഭന അഭിനയിച്ച അവസാന ചിത്രം.

മലയാള സിനിമയില്‍ മാത്രമല്ല തമിഴ് സിനിമകളിലും പ്രണയ ജോഡികളായി ഒന്നച്ചഭിനയിച്ച ജയറാമും ഉര്‍വ്വശിയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങള്‍ കൂടിയാണ്. കടിഞ്ഞൂല്‍ കല്യാണം, ചക്കിക്കൊത്ത ചങ്കരന്‍, മാളൂട്ടി, പൊന്‍മുട്ടയിടുന്ന താറാവ് നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തിയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് ഈ താരജോഡികള്‍ ആദ്യമായി നായികാനായകനായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്. പിന്നീട് മീശമാധവന്‍, കൊച്ചി രാജാവ്, പെരുമഴക്കാലം, തിളക്കം തുടങ്ങീ 25ഓളം സിനിമകളില്‍ ഒന്നിച്ചെത്തിയ ഇരുവരും ഒടുവില്‍ വിവാഹിതരായി.

തൊണ്ണൂറുകളില്‍ അനിയത്തിപ്രാവ്, നക്ഷത്രതാരാട്ട്, നിറം, പ്രേം പൂജാരി എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കുഞ്ചാക്കോ ബോബന്‍-ശാലിനി താരജോഡികള്‍ യുവാക്കള്‍ക്ക് ഹരമായിരുന്നു. നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സിനിമാ ലോകത്തിനു പ്രിയപ്പെട്ടവനാകുന്നത്, നവ്യ നായരും ഇതേ സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വെള്ളിത്തിര എന്ന സിനിമ കൂടി റിലീസായപ്പോൾ മികച്ച താരജോഡികളുടെ കൂട്ടത്തിൽ പൃഥ്വിരാജുവും നവ്യാ നായരും ഉൾപ്പെട്ടു.യുവ എന്ന ആല്‍ബത്തിലെ നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനത്തിലൂടെ ഒന്നിച്ച് അഭിനയ ലോകത്ത് പറന്നുയര്‍ന്ന നിവിന്‍ പോളിയും നസ്രിയയും യുവതല നെഞ്ചിലേറ്റിയ താരജോഡികളാണ്. നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരജോഡിയാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ഉസ്താദ് ഹോട്ടല്‍, ഓ.കെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ആരാധകരെ വിസ്മയിപ്പിച്ചു.

Noora T Noora T :